തിരുവനന്തപുരം- സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി.എസ് അച്യുതാനന്ദന്റെ വിടവാങ്ങലിൽ കേരളത്തിലെ രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക നേതാക്കളും, ജനങ്ങളും അനുശോചനം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാണക്കാട് സാദിഖലി തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ കേന്ദ്ര മന്ത്രി എ.കെ ആന്റണി, പ്രേമചന്ദ്രൻ എം.പി, പ്രൊഫസർ എം.കെ സാനു, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടങ്ങിയ നിരവധി മന്ത്രിമാരും അനുശോചനം രേഖപ്പെടുത്തി.
വി.എസ് അച്യുതാനന്ദൻ്റെ പൊതുദർശനം നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ, പൊതുദർശനത്തിന് ശേഷം ഉച്ചയോടെ ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം മറ്റന്നാൾ നടക്കും.
എകെജി സെന്ററിൽ പാർട്ടി കൊടി താഴ്ത്തിയശേഷം കരിങ്കൊടി കെട്ടി, അദ്ദേഹത്തോടുള്ള അന്തിമ ആദരമായി ഡൽഹിയിലെ എകെജി ഭവനിലും തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിലും കൂടി നോവിന്റെ കറുപ്പ് പതിപ്പിച്ചു. ഇന്ന് 3.20ഓടെയായിരുന്നു മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചത്. മെഡിക്കൽ ബോർഡാണ് മരണം സ്ഥിരീകരിച്ചത്.
101 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ്‌ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് മരണം സ്ഥിതീകരിച്ചത്