കോഴിക്കോട്- യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധമായി ഇടപെടണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനാണ് താനുമായി ബന്ധപ്പെട്ടതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം പുറത്തിറക്കിയ ദീർഘമായ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്.
പ്രസ്താവനയുടെ പൂർണരൂപം- നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധമായി ഇടപെടണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് എന്നെ സമീപിക്കുന്നത്. യമനിലെ സൂഫി പണ്ഡിതരുമായി എനിക്ക് അടുത്ത ബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യർഥനയുമായി മുന്നോട്ടുവരുന്നത്. ഒരു ഇന്ത്യൻ പൗരൻ വിദേശ രാജ്യത്ത് വധശിക്ഷ കാത്തുകഴിയുമ്പോൾ അതിൽ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരം കാണുകയെന്നത് ദേശീയ താത്പര്യമാണെന്ന ബോധ്യത്തിൽ നിന്നാണ് ഇടപെടലിന് മുതിരുന്നത്. ഗൾഫ് രാജ്യങ്ങളിലടക്കം മുമ്പും ഇത്തരം ഇടപെടലുകൾ നടത്തുകയും പലതും ഫലം കാണുകയും ചെയ്തിട്ടുണ്ടല്ലോ. ഇന്ത്യക്ക് ഇപ്പോൾ കാര്യമായ നയതന്ത്ര ബന്ധമില്ലാത്ത ഒരു പ്രദേശമാണെന്നത് കൊണ്ടുതന്നെ ഈ ശ്രമം രാജ്യം ആവശ്യപ്പെടുന്നതാണെന്നാണ് ഞാൻ മനസ്സിലാക്കിയത്.
യമനിലെ തരീമിൽ നിന്നുള്ള എൻ്റെ ആത്മ സുഹൃത്തും ലോകപ്രശസ്ത സൂഫി പണ്ഡിതനും യമനീ മുസ്ലിംകൾക്കിടയിൽ വലിയ സ്വാധീനവുമുള്ള ഹബീബ് ഉമർ ബിൻ ഹഫീളുമായി ഈ വിഷയം ചർച്ചചെയ്യുന്നത് ഈ സാഹചര്യത്തിലാണ്. വിവരം കൈമാറിയ ഉടനെ തന്നെ അക്കാര്യം രേഖാമൂലം അന്വേഷിക്കട്ടെയെന്നും മറുപടി വൈകാതെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹബീബ് ഉമറിൻ്റെ ഓഫീസ് നോർത്ത് യമൻ ഭരണകൂടവുമായും, ഇരയുടെ കുടുംബവുമായും ബന്ധപ്പെടുകയും അനുനയ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്‌തു. അതോടൊപ്പം തന്നെ തനിക്ക് വ്യക്തിപരിചയമുള്ള ജഡ്‌ജുമാരുമായും നിയമവിദഗ്ധരുമായും ആശയവിനിമയം നടത്തുകയും ശിക്ഷ വൈകിപ്പിക്കാൻ നിയമപരമായ സാധ്യതകൾ തേടി, ആ വഴിയിൽ നീങ്ങി.
ഈ വിഷയത്തിലെ സുപ്രധാനമായ നീക്കം ശൈഖ് ഹബീബ് ഉമറിൻ്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം നോർത്ത് യമനിൽ നടന്ന അടിയന്തിര യോഗമായിരുന്നു. ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്‌ദുറഹ്മാൻ അലി മശ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, സനയിലെ ജിനായത്ത് കോടതി സുപ്രീം ജഡ്‌ജ്, കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് അതിൽ പങ്കെടുത്തത്. കുടുംബത്തിനിടയിൽ ഇക്കാര്യം വിശകലനം ചെയ്ത് നിലപാട് വ്യക്തമാക്കാമെന്നാണ് തലാലിന്റെ ബന്ധുക്കൾ യോഗത്തിൽ അറിയിച്ചത്.
ജൂലൈ പതിനഞ്ച് വളരെ നിർണായകമായിരുന്നു. ഗോത്ര നേതാക്കളും തലാലിൻ്റെ നിയമ സമിതി കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളുമായുള്ള ചർച്ച ചൊവ്വാഴ്ച രാവിലെയും തുടർന്നു. ഇക്കാര്യത്തിൽ ഒരു ശുഭ വാർത്ത ഉണ്ടാകുന്നത് വരെ ഹബീബ് അബ്‌ദുറഹ്മാൻ മഷ്‌ഹൂറിൻ്റെ നേതൃത്വത്തിലുള്ള ശൈഖ് ഹബീബ് ഉമർ ബിൻ ഹാഫീളിൻ്റെ പ്രതിനിധി സംഘം തലാലിന്റെ നാടായ ഉത്തര യമനിലെ ദമാറിൽ തന്നെ തങ്ങി. കുടുംബങ്ങൾക്കിടയിൽ ഏകാഭിപ്രായത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് അപ്പോഴും നടന്നുകൊണ്ടിരുന്നത്.
അതേസമയം കൊല്ലപ്പെട്ട തലാലിൻ്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിൻ്റെ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിൻ അമീൻ ശൈഖ് ഹബീബ് ഉമറിൻ്റെ നിർദേശ പ്രകാരം ചർച്ചയിൽ ഇടപെടുകയും ശിക്ഷാ നടപടികൾ നീട്ടിവെക്കാനുള്ള ധാരണ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാക്കുകയും ഇന്നലെ തന്നെ കോടതിയെ സമീപിക്കുകയുമുണ്ടായി. അതെ തുടർന്നാണ് ശിക്ഷ നീട്ടിവെച്ചുള്ള വിധി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഉത്തര യമനിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ വൈകാരികമായി ആളിക്കത്തിയ ഒരു കേസ് കൂടിയാണിത്. അത് കൊണ്ട് തന്നെ ഇത്രയും കാലം കുടുംബവുമായി സംസാരിക്കാൻ പോലും സാധിച്ചിരുന്നില്ല. കുടുംബവുമായുള്ള കമ്മ്യൂണിക്കേഷൻ സാധിച്ചിരിക്കുന്നു എന്നതും യമനിലെ നിയമരംഗത്തെ പ്രമുഖർ പോലും ഹബീബ് ഉമറിൻ്റെ താത്പര്യത്തെ തുടർന്ന് ഇതിൽ ഇടപെട്ടു എന്നതുമാണ് ഇക്കാര്യത്തിലെ വലിയ പ്രതീക്ഷ.
നിലവിൽ ഈ മാസം പതിനാറിന് നടപ്പാക്കാനിരുന്ന വധശിക്ഷ മറ്റൊരു സമയത്തേക്ക് നീട്ടിവെച്ചിരിക്കുന്നു എന്നാണ് യമൻ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക ക്രിമിനൽ കോടതി ജഡ്‌ജ് റിസ്വാൻ അഹമ്മദ് അൽ-വജ്റ, സ്വാരിമുദീൻ മുഫദ്ദൽ എന്നിവർ ഒപ്പിട്ട വിധിപ്പകർപ്പിലുള്ളത്. കുടുംബവുമായുള്ള ചർച്ചകൾ ഇനിയും തുടരേണ്ടതും വധശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള നീക്കങ്ങൾ തുടരേണ്ടതുമുണ്ട്. ഇതുവരെ ഉണ്ടായവിധം അക്കാര്യത്തിലും കൂട്ടായ പ്രവർത്തനങ്ങളും ശ്രമങ്ങളും പ്രാർഥനകളുമാണ് അതിനാവശ്യം. ഇക്കാര്യത്തിൽ ഇതുവരെയുള്ള പുരോഗതി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം അറിയിച്ചു.