കണ്ണൂർ – കണ്ണൂരിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ആറു വയസുകാരി അടക്കം രണ്ടു പേർ
മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇരിട്ടിക്കടുത്ത് കീഴൂർ കുന്നിലും കീഴൂരിലും കൂത്തുപറമ്പിനടുത്ത് കായലോടുമാണ് അപകടങ്ങളുണ്ടായത്.
കഴിഞ്ഞ രാത്രി കീഴൂർ കുന്നിലുണ്ടായ അപകടത്തിലാണ് ഇരിട്ടി കോറമുക്കിലെ മുഹമ്മദ് റസിൻ ( 17 ) മരിച്ചത്. പയഞ്ചേരി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടി നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. പയഞ്ചേരി കോറ സ്വദേശി മുഹമ്മദ് നജാദിന് ഗുരുതര പരിക്കേറ്റു.
ഈ അപകടത്തിന് തൊട്ടു പിന്നാലെയാണ് കീഴൂർ രജിസ്ട്രാഫീസിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ രണ്ടാമത്തെ അപകടം നടന്നത്. പുന്നാട് അത്തപ്പുഞ്ച സ്വദേശികളായ ഷാദിൽ, രാജീവൻ എന്നിവർ സഞ്ചരിച്ച ബൈക്ക് മാരുതി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും കാറും തകർന്നു. രണ്ടുപേർക്കും സാരമായി പരിക്കേറ്റു.
പയഞ്ചേരി വികാസ് നഗറിലെ ഇല്ലിക്കൽ അബ്ദുറഹിമാൻ്റെയും റയീനാസിൻ്റേയും മകനായ റസിൻ,
അങ്ങാടിക്കടവ് ഹയർസെക്കൻ്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ റാനിയ, റനൽ.
കായലോട് വെച്ച് കാറിടിച്ചാണ് സൻഹ മറിയം (6)മരിച്ചത്. ഇന്നലെ വൈകുന്നേരം വീടിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ സൻഹ, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കായലോട് പറമ്പായി ശിവപ്രകാശം യു പി സ്കൂളിന് സമീപത്തെ ഹസ്നാസിൽ അബ്ദുൾ നാസർ – ഹസ്നത്ത് ദമ്പതികളുടെ മകളാണ് സൻഹ മറിയം.