ജിദ്ദ: ഇന്ത്യ ജയിക്കണം, മതേതരത്വം വീണ്ടെടുക്കണം എന്ന ക്യാപ്‌ഷനിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി വനിതാ വിംഗിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ നൂറ് കണക്കിന് വനിതകൾ പങ്കെടുത്തു. കേരളത്തിൽ നിന്നും “ഇന്ത്യ” മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവാസ ലോകത്ത് നിന്നും നാട്ടിലുള്ള കുടുംബങ്ങളിലേക്ക് ടെലിഫോൺ പ്രചാരണം നടത്താനും കഴിയാവുന്നവർ നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, റസാഖ് മാസ്റ്റർ, എ.കെ ബാവ, നാസർ മച്ചിങ്ങൽ, ജലാൽ തേഞ്ഞിപ്പലം, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട്, ലത്തീഫ് വയനാട്, കെ കെ മുഹമ്മദ്, ഒഐസിസി വനിതാ വിംഗ് മൗഷ്മി ശരീഫ് തുടങ്ങിയവർ സംസാരിച്ചു. വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് പാലോളിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ജനറൽ സെക്രട്ടറി ഷമീല മൂസ സ്വാഗതവും ഖദീജത്തുൽ കുബ്ര നന്ദിയും പറഞ്ഞു.
കെഎംസിസി വനിതാ വിങ് ഭാരവാഹികളായ സലീന ഇബ്രാഹിം, ഹസീന അഷ്‌റഫ്, ജെസ്ലിയാ ലത്തീഫ്, സാബിറ മജീദ്, നസീഹ അൻവർ, ജംഷീന, മിസ്‌രിയ, ശാലിയ വഹാബ്, നസീമ ഹൈദർ, ബസ്മ സാബിൽ, ഇർഷാദാ, ഖദീജ ബഷീർ, സുരയ്യ, മൈമൂന ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി. ജൗസീന ബീവിയുടെ മോട്ടിവേഷൻ ക്ലാസ്സ് പരിപാടിയുടെ മാറ്റ് കൂട്ടി.
ജിദ്ദയിലെ വനിതകൾക്കായി പായസ മത്സരവും സംഘടിപ്പിച്ചിരുന്നു. മധു രാജേന്ദ്രൻ നായർ, സജ്‌ന യൂനുസ്, റുബി മാജി എന്നിവർ വിജയികളെ കണ്ടെത്തി. റമീശ ഒന്നാം സ്ഥാനവും തസ്നിയ രണ്ടാം സ്ഥാനവും തസ്നീമ മൂന്നാസ്ഥാവും സക്കീന നാലാം സ്ഥാനവും കരസ്ഥമാക്കി.
“വീട് കേറാം വോട്ട് തേടാം” എന്ന ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റിയുടെ പ്രവാസി കാമ്പയിന്റെ ഭാഗമായി നടത്തുന്ന ലഖുലേഖയുടെ പ്രകാശനം ഒഐസിസി പ്രസിഡന്റ് മൗഷ്മി ഷെരീഫിന് നൽകി അബൂബക്കർ അരിമ്പ്ര പ്രകാശനം ചെയ്തു.