കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ മനുഷ്യത്വപരമായ നിലപാടോടെ ഇടപെട്ടതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. യെമനിലെ പണ്ഡിതരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സംഭവത്തിന്റെ വസ്‌തുതകൾ വിശദീകരിച്ച് അവരെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം മനുഷ്യത്വത്തിന് പ്രാധാന്യം നൽകുന്ന മതമാണെന്നും, ജാതിയോ മതമോ വേർതിരിക്കാതെ മനുഷ്യനെന്ന നിലയിൽ താൻ ഈ വിഷയത്തിൽ ഇടപെട്ടതായും അദ്ദേഹം വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്യണമെന്ന് യെമനിലെ പണ്ഡിതരോട് അഭ്യർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണ്ഡിതർ കൂടിയാലോചന നടത്തി, ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചു. ഇതിന്റെ ഫലമായി, വധശിക്ഷ നീട്ടിവെച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് ലഭിച്ചു.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയെ തുടർന്ന്, ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന് കൂടുതൽ സമയം വേണമെന്നതിനാലാണ് വധശിക്ഷ നീട്ടിവെച്ചതെന്ന് അധികൃതർ അറിയിച്ചു.