കോഴിക്കോട്: ലോക ഫുട്ബോൾ രംഗത്തെ അറബ് രാജ്യങ്ങളുടെ സാമ്പത്തിക നിക്ഷേപങ്ങളെയും കായികരംഗത്തെ വളർച്ചയെയും തീവ്ര മതപരമായി ചിത്രീകരിച്ച് ജനം ടിവി അവതാരകൻ രഞ്ജിത്ത് അമ്പാടി. ചാനൽ ചർച്ചയ്ക്കിടെ ലോക ഫുട്ബോളിനെ പൂർണ്ണമായും ഇസ്ലാമികത വിഴുങ്ങുമെന്ന തരത്തിലുള്ള കടുത്ത പരാമർശങ്ങളാണ് ഇയാൾ നടത്തിയത്. ഒരുകാലത്ത് റഷ്യയും ഇംഗ്ലണ്ടും സ്പെയിനുമൊക്കെയായിരുന്നു ഫുട്ബോളിന്റെ ഈറ്റില്ലമെങ്കിൽ, ഇപ്പോൾ അത് സൗദി അറേബ്യയും ഖത്തറും ഒക്കെയാണെന്നാണ് ലൈവ് ചർച്ചയ്ക്കിടെ അവതാരകൻ വാദിച്ചത്. ഫുട്ബോളിന് വേണ്ടി ഏറ്റവും കൂടുതൽ ഫണ്ട് ഇറക്കുന്നത് അറബ് രാജ്യങ്ങളാണെന്നും, അതിനാൽ തന്നെ കായികരംഗം ഇസ്ലാമികവൽക്കരിക്കുന്ന കാലം വിദൂരമല്ലെന്നും ഇയാൾ ചർച്ചയിൽ സമർത്ഥിക്കാൻ ശ്രമിച്ചു. കോടിക്കണക്കിന് ആരാധകർ നെഞ്ചിലേറ്റുന്ന കാൽപ്പന്തുകളിയെ കേവലം മതപരമായ വിദ്വേഷ കണ്ണുകളിലൂടെ നോക്കിക്കാണുന്ന അവതാരകന്റെ ഈ ചാനൽ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
വിവിധ രാജ്യങ്ങളും കായിക പ്രേമികളും വലിയ രീതിയിൽ പണം നിക്ഷേപിക്കുന്ന ആഗോള ഫുട്ബോൾ വ്യവസായത്തെയും ക്ലബ്ബ് സംസ്കാരത്തെയും ചാനൽ ചർച്ചകളിലൂടെ ബോധപൂർവ്വം വർഗീയവൽക്കരിക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. സ്പോർട്സ്മാൻ സ്പിരിറ്റിനെ തകർക്കുന്ന തരത്തിൽ ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവർത്തകർ തന്നെ പരസ്യമായി ഇത്തരം വിദ്വേഷ പ്രചാരണങ്ങളുമായി രംഗത്തെത്തുന്നതിനെതിരെ കായിക പ്രേമികളും പൊതുസമൂഹവും ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.



