മലപ്പുറം- മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ലഹരി മരുന്ന് കുത്തിവെച്ച ഒമ്പതു പേർക്ക് എച്ച്.ഐ.വി രോഗബാധ കണ്ടെത്തി. ആറു മലയാളികൾക്കും മൂന്നു അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് എയ്ഡ്സ് കണ്ടെത്തിയത്. ഒമ്പതുപേരും ഒരു സിറിഞ്ചിൽനിന്നാണ് ലഹരി കുത്തിവെച്ചത്. നിലവിൽ രോഗം കണ്ടെത്തിയ ആളുകളുമായി ബന്ധപ്പെട്ടവരെ കൗൺസെലിംഗ് നടത്തി എച്ച്.ഐ.വി പരിശോധന നടത്തും.
മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറാണ് രോഗം കണ്ടെത്തിയ വിവരം അറിയിച്ചത്. സംസ്ഥാനത്ത് തന്നെ ഇത്രയും പേർക്ക് ഒറ്റയടിക്ക് എച്ച്.ഐ.വി ബാധ കണ്ടെത്തുന്ന സംഭവം അപൂർവ്വമാണ്. ആരോഗ്യ വകുപ്പും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി കണ്ടെത്തിയത്. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും ഇത്തരത്തിൽ മാരകമായ അവസ്ഥയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന സൂചന.