ആലപ്പുഴ- അമ്പലപ്പുഴയിൽ നിന്ന് മിന്നും വിജയം കൈവരിച്ച നിയുക്ത എംഎൽഎ ജി. സുധാകരൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് അദ്ദേഹം വെള്ളാപ്പള്ളി നടേശനെയും ഭാര്യ പ്രീതി നടേശനെയും നേരിൽ കണ്ടത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ സുധാകരൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മത, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖരെ നേരിൽ കാണുന്നതിന്റെ ഭാഗമായാണ് അദ്ദേഹം വെള്ളാപ്പള്ളി നടേശനെയും സന്ദർശിച്ചത്.
അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുധാകരൻ 27,935 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റിംഗ് എംഎൽഎയായിരുന്ന സിപിഎം നേതാവ് എച്ച്. സലാമിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ജി. സുധാകരൻ, പാർട്ടിയിൽ തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.



