തിരുവന്തപുരം– സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നതിനോടൊപ്പം മായം ചേര്‍ത്ത വെളിച്ചെണ്ണകള്‍ വിപണിയിലെത്തുന്നതായി സൂചന നല്‍കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഓപറേഷന്‍ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവായ ഓപറേഷന്‍ നാളികേരയിലൂടെ വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു. ശേഷം ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. കേരളത്തിലാകെ 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയില്‍ 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. വിവിധ കാരണങ്ങളാല്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നല്‍കി.
നാളികേര ഉല്‍പാദനം കുറഞ്ഞതോടെ കൊപ്രയുടെ വിലയും വെളിച്ചെണ്ണയുടെ വിലയും 8 മാസത്തിനിടെ രണ്ടിരട്ടിയായിട്ടാണ് വര്‍ധിച്ചത്. പൊതുവിപണിയില്‍ കേര വെളിച്ചെണ്ണ ലിറ്ററിന് 529 രൂപയും മറ്റ് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ 420 മുതല്‍ 480 രൂപക്ക് വരെയാണ് വില്‍ക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കിയത്. തുടര്‍ പരിശോധനകള്‍ക്കായി 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സര്‍വലൈന്‍സ് സാമ്പിളുകളും ശേഖരിച്ചു. വെള്ളിച്ചെണ്ണയുടെ ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ ഭക്ഷ്യ സുരക്ഷാ പരാതി ടോള്‍ ഫ്രീ നമ്പര്‍ 18004251125 ല്‍ വിവരം അറിയിക്കാം.