കോഴിക്കോട്: കേരളത്തിന്റെ ഉദാത്തമായ മതസൗഹൃദ പാരമ്പര്യം ഊട്ടിയുറപ്പിച്ചുകൊണ്ട്, പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ അയച്ച പെരുന്നാൾ സമ്മാനവും ആശംസകളും തരണനല്ലൂർ തന്ത്രിക്ക് കൈമാറി. പതിനായിരക്കണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രിയായ ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിനാണ് പതിവുതെറ്റിക്കാതെ ഇത്തവണയും പാണക്കാട് കുടുംബത്തിൽ നിന്നുള്ള പെരുന്നാൾ വിരുന്നെത്തിയത്.
ഉത്സവകാലങ്ങളിൽ പാണക്കാട് തങ്ങളും തന്ത്രിയും തമ്മിൽ ഓണക്കാഴ്ചകളും പെരുന്നാൾ സമ്മാനങ്ങളും കൈമാറുന്ന അപൂർവമായ സ്നേഹബന്ധം ഇത്തവണയും കേരളത്തിന് മാതൃകയായി. തങ്ങളുടെ പ്രതിനിധികളായി കൊണ്ടോട്ടി മുനിസിപ്പൽ ചെയർമാൻ യു.കെ. മമ്മദിശ, കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ.സി. അബൂബക്കർ, കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നസീം പുളിക്കൽ എന്നിവർ തന്ത്രിയുടെ സന്നിധിയിലെത്തി പുതുവസ്ത്രങ്ങളും പെരുന്നാൾ സന്ദേശവും കൈമാറി.
ചെറിയ പെരുന്നാൾ ആത്മീയ ശുദ്ധിയുടെയും മാനവികതയുടെയും സന്ദേശമാണ് പകർന്നുനൽകുന്നതെന്ന് സാദിക്കലി തങ്ങൾ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. വിശ്വാസികളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാനും പട്ടിണിയുടെയും ദുരിതത്തിന്റെയും വേദന തിരിച്ചറിയാനും ഈ വിശുദ്ധദിനം പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുസ്ലിം ലീഗ് മുൻകൈയെടുത്ത് വീടുകൾ നിർമ്മിച്ചുനൽകിയതിൽ വലിയ സംതൃപ്തിയുണ്ടെന്ന് തങ്ങൾ പറഞ്ഞു. ഈ മഹത്തായ സംരംഭത്തിന് കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ഹൃദയപൂർവ്വമായ പിന്തുണ ലഭിച്ചിട്ടുണ്ട്. വീടുകൾ നിർമ്മിച്ച പ്രദേശത്തിന് സമീപമുള്ള ക്ഷേത്ര നവീകരണത്തിനും സഹായം നൽകാൻ മുസ്ലിം ലീഗ് സന്നദ്ധമാണെന്നും, അതിനായി തന്ത്രിയുടെ മാർഗനിർദ്ദേശങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും തങ്ങൾ അറിയിച്ചു.
മത-ജാതി ഭേദമന്യേ ആഘോഷങ്ങൾ ഒത്തൊരുമിച്ച് കൊണ്ടാടുമ്പോഴാണ് മനുഷ്യ മനസ്സുകളിൽ യഥാർത്ഥ സൗഹൃദം വിരിയുന്നതെന്ന് തങ്ങൾ ചൂണ്ടിക്കാട്ടി. ദുരിതമനുഭവിക്കുന്നവരെ കൈപിടിച്ചുയർത്താനും അവരുടെ കണ്ണീരൊപ്പാനും സമൂഹം ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യസ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന ഇത്തരം ഇടപെടലുകൾ ഇന്നത്തെ കാലത്ത് വലിയ മാതൃകയാണെന്ന് തരണനല്ലൂർ തന്ത്രി പറഞ്ഞു. ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്ക് പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള മുസ്ലിം സുഹൃത്തുക്കൾ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അഗ്നിബാധക്കിടെ വെള്ളി വിഗ്രഹം മുസ്ലിം സഹോദരങ്ങൾ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ ചരിത്ര സംഭവവും തന്ത്രി വികാരാധീനനായി സ്മരിച്ചു.
സ്നേഹവും വിശ്വാസവും സൗഹൃദവുമാണ് മനുഷ്യരാശിയുടെ ഐക്യത്തിനുള്ള ഏറ്റവും വലിയ ശക്തിയെന്നും, ഈ മൂല്യങ്ങൾ നിലനിർത്തുമ്പോഴാണ് ഓരോ ആഘോഷവും അർത്ഥവത്താകുന്നതെന്നും തങ്ങൾ പറഞ്ഞു. സൗഹൃദത്തിന്റെ ഈ കെടാവിളക്കുകൾ എന്നും കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.



