തിരുവനന്തപുരം- കേരളത്തിന്റെ പുതിയ ഡി.ജി.പിയായ ശേഷം രവഡ ചന്ദ്രശേഖർ നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. മുൻ പോലീസ് ഉദ്യോഗസ്ഥനാണ് വാർത്താ സമ്മേളന വേദിയിലെത്തി ഡി.ജി.പിയോട് ചോദ്യങ്ങളുന്നയിച്ചു. മുപ്പത് വർഷം പോലീസ് സേനയിൽ പ്രവർത്തിച്ച തനിക്കുണ്ടായ ദുരനുഭവങ്ങളിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ആരോപിച്ചാണ് ഇദ്ദേഹം രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും മുപ്പതു കൊല്ലമായി താൻ അനുഭവിച്ച വേദനയാണ് പറയുന്നതെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് പരിശോധിക്കാമെന്ന് പറഞ്ഞ് ഇയാളെ ഡി.ജി.പി തിരിച്ചയച്ചു. ഇദ്ദേഹത്തെയുമായി സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പുറത്തേക്ക് പോകുകയും ചെയ്തു.
കണ്ണൂർ ഡി.ഐ.ജി ഓഫീസിൽ ജോലി ചെയ്തിരുന്നയാളാണ് താനെന്നും ഇയാൾ പറയുന്നു. ബഷീർ വി.പി എന്നാണ് തന്റെ പേരെന്നും ഗൾഫിലുള്ള ഇസ്മ എന്ന ഓൺലൈൻ മീഡിയയുടെ ഐ.ഡി കാർഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. വിസിറ്റേഴ്സ് മുറിയിൽ ഇരിക്കുകയായിരുന്ന തന്നെ ചില പോലീസ് ഉദ്യോഗസ്ഥരാണ് വാർത്താ സമ്മേളന വേദിയിലേക്ക് കൊണ്ടുപോയതെന്നും ഇയാൾ പറയുന്നു.
കേരളത്തിലെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രവഡ ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം സംസ്‌ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവിയായി റാവാഡ എ.ചന്ദ്രശേഖർ ഇന്ന് രാവിലെയാണ് ചുമതലയേറ്റെടുത്തത്. എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് പോലീസ് മേധാവിയുടെ അധികാര ചിഹ്നം കൈമാറി. സ്‌ഥാനമേറ്റെടുത്തശേഷം പോലീസുകാരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പചക്രം അർപിച്ച് സേനയുടെ അഭിവാദ്യം സ്വീകരിച്ചു. ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊലീസ് മേഖലാതല യോഗത്തിൽ റാവാഡ പങ്കെടുക്കും.
കേന്ദ്ര ഡപ്യൂട്ടേഷനിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷൽ ഡയറക്ടറായിരുന്നു റാവാഡ. 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനായ റാവാഡ ആന്ധ്ര സ്വദേശിയാണ്. 2027 ജൂലൈ ഒന്നു വരെ സർവീസ് കാലാവധിയുണ്ട്. യുപിഎസ്‌സി കൈമാറിയ ഡിജിപിമാരുടെ ചുരുക്കപ്പട്ടികയിൽ സീനിയോറിറ്റിയിൽ ആദ്യ സ്ഥാനത്തുള്ള റോഡ് സുരക്ഷാ കമ്മിഷണർ നിധിൻ അഗർവാളിനെ തഴഞ്ഞാണ് സർക്കാർ റാവാഡയെ തീരുമാനിച്ചത്.