കണ്ണൂര്‍– നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നല്‍കാമെന്ന വാഗ്ദാന സന്ദേശത്തില്‍ വിശ്വസിച്ച് ഡോക്ടര്‍ക്ക് നഷ്ടമായത് 4,44,20,000 രൂപ. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കാണ് ഇത്രയും തുക നഷ്ടമായത്. കണ്ണൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പാണിത്. ഏപ്രില്‍ മുതല്‍ ജൂണ്‍ 25വരെയുള്ള കാലയളവില്‍ പലതവണകളായാണ് ഡോക്ടര്‍ തട്ടിപ്പുകാരന് പണം നല്‍കിയത്. പണം നഷ്ടപെട്ടെന്ന് ബോധ്യപ്പെട്ടതോടെ കണ്ണൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്കി.
വാട്സാപ്പില്‍ ലഭിച്ച സന്ദേശത്തില്‍ നിന്നായിരുന്നു തുടക്കം. പണം നിക്ഷേപിക്കുകയാണെങ്കില്‍ ഇരട്ടി തുക തിരികെ നല്‍കുമെന്നായിരുന്നു സന്ദേശം. തട്ടിപ്പുകാര്‍ അയച്ച അക്കൗണ്ട് നമ്പറിലേക്ക് പലതവണയായി പണം നിക്ഷേപിച്ചു. വാട്സാപ്പ് ലിങ്കിലൂടെ അജ്ഞാതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പണം നിക്ഷേപിക്കുകയല്ലാതെ തിരികെ ഒന്നും ലഭിക്കാതെ വന്നപ്പോഴാണ് ഡോക്ടര്‍ക്ക് തട്ടിപ്പാണെന്ന് മനസ്സിലായത്.