പാലക്കാട്- സി.പി.എം മലപ്പുറം ജില്ലാ മുൻ സെക്രട്ടറി പരേതനായ ഇ.എൻ മോഹൻദാസിന്റെ മകൻ ധ്യാൻ മോഹനനെ (38) പാലക്കാട്ടെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദേശത്ത് ഐ.ടി മേഖലയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്ന ധ്യാനിനെ ഇന്നലെ വൈകുന്നേരത്തോടെയാണ് പാലക്കാട് പാലയപേട്ടയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
ഇക്കഴിഞ്ഞ ആറിനാമ് ധ്യാൻ മോഹനൻ പാലക്കാട് പാലയപേട്ടയിലുള്ള ഹോട്ടലിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ പ്രാതൽ നൽകാനായി ഹോട്ടൽ ജീവനക്കാർ മുറിയിലെത്തിയെങ്കിലും വാതിൽ തുറന്നില്ല. വൈകുന്നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതോടെ ജീവനക്കാർക്ക് സംശയം തോന്നുകയും സ്പെയർ കീ ഉപയോഗിച്ച് മുറി തുറക്കുകയുമായിരുന്നു. മുറിക്കുള്ളിൽ ധ്യാനിനെ മരിച്ച നിലയിൽ കണ്ടതോടെ ജീവനക്കാർ ഉടനടി പാലക്കാട് ടൗൺ സൗത്ത് പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർന്നുള്ള നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചെമ്മങ്കടവ് പി.എം.എസ്.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപിക കെ. ഗീതയാണ് ധ്യാൻ്റെ മാതാവ്. സഹോദരി: ഡോ. ദിവ്യ മോഹൻ. സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം നാലു മണിക്ക് നടക്കും.







