കൊല്ലം– സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തട്ടിപ്പ് സംഘം കുണ്ടറ സ്വദേശിയായ 67-കാരനിൽ നിന്ന് 1.65 കോടിയിലധികം രൂപ തട്ടിയെടുത്തു. ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്താണ് വയോധികനെ സംഘം വലയിലാക്കിയത്. സംഭവത്തിൽ കൊല്ലം റൂറൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫേസ്ബുക്ക് വഴിയാണ് തട്ടിപ്പിന്റെ തുടക്കം. ട്രേഡിംഗിൽ നിക്ഷേപിച്ചാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ തുക സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ചാണ് സംഘം വയോധികനെ സമീപിച്ചത്. ഇതിനായി വിവിധ വെബ്സൈറ്റുകളിൽ ഇദ്ദേഹത്തെ ലോഗിൻ ചെയ്യിപ്പിക്കുകയും വ്യക്തിവിവരങ്ങൾ കൈക്കലാക്കുകയും ചെയ്തു. വിശ്വാസം നേടിയെടുത്ത ശേഷം, ട്രേഡിംഗ് ആവശ്യങ്ങൾക്കായി എന്ന വ്യാജേന വിവിധ ഘട്ടങ്ങളിലായി പണം ആവശ്യപ്പെട്ടു. 18 തവണകളായാണ് 1.65 കോടി രൂപ പരാതിക്കാരൻ കൈമാറിയത്. ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതായതോടെയാണ് താൻ വഞ്ചിക്കപ്പെട്ട വിവരം ഇദ്ദേഹം തിരിച്ചറിയുന്നത്.



