മലപ്പുറം / കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം നേതാക്കളെയും വിമർശിച്ച് സർക്കാറിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരെ പ്രതിഷേധവും ഭീഷണിയുമായി സി.പി.എം പ്രവർത്തകർ.
പാർട്ടിയെ വെല്ലുവിളിച്ച പി.വി അൻവറുമായി പാർട്ടിക്ക് ഇനിയൊരു ബന്ധവുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിലമ്പൂരിലും എടക്കരയിലും എടവണ്ണയിലും സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നത്.
ജില്ലയിലെ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ പങ്കാളികളായി. അൻവറുമായി അടുത്ത ബന്ധമുള്ള നേതാക്കളും പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തുവെന്നാണ് വിവരം. ‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന മുദ്രാവാക്യം മുഴക്കിയും അൻവറിന്റെ കോലം കത്തിച്ചും വർഗ വഞ്ചകനും ഒറ്റുകാർക്കും മാപ്പില്ലെന്നും പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ. എടവണ്ണയിലെ പ്രതിഷേധ പ്രകടനത്തിൽ അൻവറിനെതിരെ കൊലവിളി മുദ്രാവാക്യവുമുണ്ടായി.
പാർട്ടിക്കെതിരെ തിരിഞ്ഞാൽ കൊന്ന് കുഴിച്ചു മൂടുമെന്നും നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കൈയും വെട്ടും കാലും വെട്ടുമെന്നും തിരിച്ചടിക്കും കട്ടായമെന്നുള്ള മുദ്രാവാക്യങ്ങളും ഉയർന്നു. ഒപ്പം അൻവർ കുലം കുത്തിയാണെന്നും തെമ്മാടിയാണെന്നും വിളികളുണ്ടായി. പൊന്നേ എന്ന് വിളിച്ച നാവിൽ പോടാ എന്ന് വിളിക്കാനറിയാം, കക്കാനും മുക്കാനും വൺമാൻഷോ നടത്താനും പാർട്ടിയെ ഉപയോഗിച്ചു, അത് നടക്കാതെ പാർട്ടിയെ തള്ളിപ്പറഞ്ഞുവെന്നും പ്രവർത്തകർ വ്യക്തമാക്കി.
‘ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും’ എന്ന് മുദ്രാവാക്യം മുഴക്കിയാണ് നിലമ്പൂരിൽ പ്രതിഷേധ പ്രകടനം നടന്നത്. കോലവും കത്തിച്ചു.
കോഴിക്കോട് നഗരത്തിലും പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട് മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്. വരും ദിവസങ്ങളിലും അൻവറിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്നാണ് പാർട്ടി നേതാക്കളുടെ പ്രഖ്യാപനം.
അതിനിടെ, പാർട്ടി പറഞ്ഞാൽ പ്രവർത്തകർക്ക് പ്രതിഷേധ പ്രകടനം നടത്തേണ്ടി വരുമെങ്കിലും മുദ്രാവാക്യം വിളിക്കുന്ന പാർട്ടി പ്രവർത്തകരുടെ മനസ് തനിക്ക് ഒപ്പമാണെന്ന് പി.വി അൻവർ പ്രതികരിച്ചു. എല്ലാവർക്കും വെട്ടിയെടുക്കാനായി തനിക്ക് രണ്ട് കാലേയുള്ളൂവെന്നും രണ്ട് കാലിനുകൂടി ഓർഡർ ചെയ്തതായും അൻവർ കളിയാക്കി. എതിർത്ത് മുദ്രാവാക്യം വിളിച്ചവർ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുന്ന കാലമുണ്ടാവുമെന്നും ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം നടത്തുമെന്നും പറയാനുള്ളതെല്ലാം പൊതുസമ്മേളനത്തിൽ പറയുമെന്നും അൻവർ അറിയിച്ചു.
പിണറായി വിജയനെന്ന സൂര്യൻ കെട്ടുവെന്നും തൃശൂർ പൂരം കലക്കിയ, ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ അജിത് കുമാർ എഴുതി നൽകുന്ന തിരക്കഥയാണ് മുഖ്യമന്ത്രി വായിക്കുന്നതെന്നും പാർട്ടിക്ക് അദ്ദേഹത്തെ തിരുത്താനായില്ലെന്നും പി ശശി കാട്ടുകള്ളനാണെന്നടക്കമുള്ള ഗുരുതരമായ ആരോപണമാണ് പി.വി അൻവർ ഉന്നയിച്ചത്.