കാസർകോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ സി പി എം നേതാവിന്റെ ഇളയ മകന്റെ വിവാഹ സൽക്കാര ചടങ്ങിന് കോൺഗ്രസ് നേതാവെത്തിയത് വിവാദത്തിൽ. കേസിലെ പതിമൂന്നാം പ്രതിയും സി പി എം ലോക്കൽ സെക്രട്ടറിയുമായ ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിലാണ് കോൺഗ്രസ് പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ പങ്കെടുത്തത്. വധൂവരന്മാരുടെ കൂടെ പ്രമോദ് പെരിയ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
മുൻ ഉദുമ എം എൽ എയും സി പി എം നേതാവുമായ കെ. കുഞ്ഞിരാമനും ബാലകൃഷ്ണനും ഒപ്പം ചിത്രത്തിലുണ്ട്. ചൊവ്വാഴ്ച പെരിയ കല്ല്യോട്ട് റോഡിലെ രാജ് അറീന ഓഡിറ്റോറിയത്തിൽ ആയിരുന്നു വിവാഹ സൽക്കാര ചടങ്ങ് നടന്നത്. സംഭവം വിവാദമായതോടെ പ്രമോദ് പെരിയ വാട്സാപ്പിൽ പോസ്റ്റ് ചെയ്ത ശബ്ദസന്ദേശവും ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. ബാലകൃഷ്ണന്റെ സഹോദരൻ തന്റെ വീട്ടിൽ കുറേക്കാലം വാടകക്ക് താമസിച്ചിരുന്നുവെന്നും അദ്ദേഹം ക്ഷണിച്ചത് കൊണ്ടാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും പ്രമോദ് പറയുന്നു.
‘രാഷ്രീയം വേറെ ബന്ധം വേറെ, സൗഹൃദ ബന്ധത്തിന്റെ പേരിലാണ് കല്ല്യാണത്തിന് പോയത്. എനിക്കും മക്കളുണ്ട്, നാളെ അവരുടെ വിവാഹം നടക്കുമ്പോൾ എല്ലാവരും പങ്കെടുക്കണം’ തുടങ്ങിയ വോയ്‌സ് മെസേജ് വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.കല്ല്യാണത്തിന് രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ച കൂട്ടത്തിലാണ് പെരിയ സഹകരണ ബേങ്കിന്റെ ഡയറക്ടർ കൂടിയായ പ്രമോദ് പെരിയക്കും ക്ഷണമുണ്ടായത്.
കൊലക്കേസിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സി ബി ഐ കോടതിയുടെ വിധി വരാനിരിക്കെ പുതിയ സംഭവം കോൺഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. കോൺഗ്രസിനുള്ളിൽ വലിയ തർക്കത്തിനും ഒച്ചപ്പാടിനും ഇത് കാരണമായിട്ടുണ്ട്.അതേസമയം ഞാൻ മാത്രമല്ല മറ്റു കുറെ കോൺഗ്രസ് നേതാക്കളും കല്ല്യാണ ചടങ്ങിൽ പങ്കെടുത്തതായി പ്രമോദ് പെരിയ പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയതായി അറിയുന്നു.
ന്യായീകരിക്കാൻ പറ്റാത്ത തെറ്റ്: ഡി.സി.സി പ്രസിഡന്റ്
പെരിയ കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ പെരിയ മണ്ഡലം പ്രസിഡന്റ് പങ്കെടുത്തത് ന്യായീകരിക്കാൻ പറ്റാത്ത തെറ്റാണെന്ന് കാസർകോട് ഡി സി സി പ്രസിഡന്റ് പി. കെ ഫൈസൽ പറഞ്ഞു. പാർട്ടി നേതാവെന്ന സ്വന്തം ഉത്തരവാദിത്വം മറന്നുകൊണ്ടുള്ള പ്രവൃത്തിയാണ് ഇത്. കല്ല്യാണത്തിന് പോകുമ്പോൾ കല്ല്യോട്ടെ രക്തസാക്ഷികളുടെ മുഖം ഒരിക്കലെങ്കിലും ഓർക്കണമായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും പി കെ ഫൈസൽ പറഞ്ഞു.