ഇടുക്കി- ഉത്തരകേരളത്തിൽ ശക്തിയുണ്ടെന്ന ഉമ്മാക്കി കാട്ടി ഇടുക്കിയിലെ കോൺഗ്രസിനെ ഭയപ്പെടുത്താൻ വരരുതെന്ന് ഇടുക്കി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സി.പി മാത്യു. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സി.പി മാത്യു. തൊടുപുഴയിലെ കോൺഗ്രസിനെ വിരട്ടിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും സി.പി മാത്യു ആവർത്തിച്ചു.
എം.എ കരീം എന്ന സാധാരണക്കാരനെ ചെയർമാനാക്കാൻ ലീഗിലെ വരേണ്യ വിഭാഗത്തിന് താൽപര്യമില്ല. യു.ഡി.എഫിൽനിന്ന് മുസ്ലിം ലീഗ് സ്ഥിരമായി മാറിനിന്നാലും ഒരു പ്രശ്നവുമില്ലെന്നും മാത്യു പറഞ്ഞു. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനും തയ്യാറാണ്. വിഷയത്തിൽ ഇനിയൊരു പ്രശ്നപരിഹാരത്തിന് താല്പര്യമില്ലെന്നും സി.പി മാത്യു പറഞ്ഞു. മുസ്ലിം ലീഗിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും മാത്യു വെല്ലുവിളിച്ചു.
തൊടുപുഴ മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗും കോൺഗ്രസും പോര് മൂർച്ഛിക്കുന്നതിനിടെയാണ് സി.പി മാത്യുവിന്റെ പുതിയ വെല്ലുവിളി. തെരഞ്ഞെടുപ്പിൽ ലീഗ് പിന്തുണയിൽ സി.പി.എം അംഗം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.