ആലപ്പുഴ- വെള്ളാപ്പള്ളിയുടേതായി വന്ന പ്രസ്താവന ചില കേന്ദ്രങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും എന്നാൽ വെള്ളാപ്പള്ളി ഏതെങ്കിലും മതവിഭാഗത്തിന് എതിരല്ലെന്ന് അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേർത്തലയിൽ വെള്ളാപ്പള്ളിക്ക് നൽകിയ സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വെള്ളാപ്പള്ളിക്ക് കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ശേഷിയുണ്ട്. സരസ്വതി വിലാസം ലഭിച്ച നാക്കാണ് അദ്ദേഹത്തിന്. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
എന്നാലും ചില തെറ്റിദ്ധാരണകൾ പരത്താനുള്ള അവസരം ഈയിടെ നടന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അതുസംബന്ധിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. എന്തിനെയും വക്രീകരിക്കാനും തെറ്റായി ചിത്രീകരിക്കാനും ഉള്ള ശ്രമം ഉള്ള കാലമാണ്. നിലവിലുള്ള യാഥാർത്ഥ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർത്തി പറഞ്ഞതാണെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്കുകൾ പ്രയോഗിക്കുന്നതിൽ വെള്ളാപ്പള്ളി കൂടുതൽ ശ്രദ്ധയും അവധാനതയും പുലർത്തണം. ഇത് അദ്ദേഹത്തിന് എന്തെങ്കിലും തെറ്റുപറ്റി എന്ന അർത്ഥത്തിൽ അല്ല പറയുന്നതെന്നും പിണറായി പറഞ്ഞു.
ഏതിന് എതിരൊക്കെയാണോ ഗുരു ശബ്ദം ഉയർത്തിയത് അതെല്ലാം തിരിച്ചുകൊണ്ടുവരാനുള്ള കുൽസിത ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അപരമത വിദ്വേഷം, വെറുപ്പ് എന്നിവ ഉൽപ്പാദിപ്പിച്ച് കുപ്രചരണങ്ങൾ നടത്തി സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീഷം തകർക്കാൻ ചിലർ ശ്രമിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ ബോധപൂർവം കലാപങ്ങൾ സൃഷ്ടിക്കുന്ന കാലമാണ്. മതപരമായ ആഘോഷങ്ങളെ അടക്കം ഇത്തരക്കാർ അക്രമത്തിനുള്ള അവസരമാക്കി മാറ്റുകയാണ്. ഈ കഴിഞ്ഞ ഹോളി ആഘോഷവേളയിൽ പലയിടങ്ങളിലും ന്യൂനപക്ഷങ്ങളും ദലിത് വിഭാഗങ്ങളും ആക്രമിക്കപ്പെട്ടു. കലാപത്തിന് നേതൃത്വം നൽകുന്നവരെ പ്രോത്സാഹിപ്പിക്കുയാണ് ഭരണാധികാരികൾ. എന്നാൽ നമ്മുടെ നാട് ഇതിനെല്ലാം എതിരാണ്.
ഹോളി ആഘോഷ വേളയിൽ മുസ്ലിം പള്ളികൾ ടാർപോളിൻ ഷീറ്റ് കൊണ്ടു മറച്ചു. എന്നാൽ നമ്മുടെ നാട്ടിൽ പൊങ്കാല പള്ളിയിലും നോമ്പുതുറ ക്ഷേത്രമുറ്റത്തും നടക്കുന്ന കാഴ്ചയാണ്. ഇത് ഗുരു ഉയർത്തിപ്പിടിച്ച ദർശനത്തിന്റെ കാഴ്ചയാണ്. ഇത് ചിലർക്ക് സഹിക്കുന്നില്ല. കേരളത്തിന്റെ മതമൈത്രി പാരമ്പര്യം തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്. വർഗീയതയുടെ ആശയങ്ങൾ ഒരു മറയും കൂടാതെ പുറത്തുവരികയാണ്. ഗുരുവിന്റെ നാട്ടിൽ ചിലർ ജാതി പറയുന്നതിൽ അഭിമാനം കൊള്ളുന്നു. ഉന്നതകുലജാതനായി പിറക്കാനായില്ലല്ലോ എന്ന് ചിലർ പരിഭവിക്കുന്നു. ഉച്ഛനീചത്വങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഇതുവഴി രാഷ്ട്രീയ നേട്ടം കൈവരിക്കാനാകുമോ എന്നാണ് ചിലർ നോക്കുന്നത്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ വിഭാഗീയത ഉണ്ടാക്കാനാണ് ശ്രമം. ഇതിനെതിരെ ഗുരു ഉയർത്തിപ്പിടിച്ച ആശയങ്ങളുമായി മുന്നോട്ടുപോകണമെന്നും പിണറായി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി വലിയ വളർച്ചയാണ് നേടിയത് ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും ഒരു ഭാഗം മറുവിഭാഗത്തെ ശത്രുക്കളായി കാണുന്ന രീതിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്നത്. എന്നാൽ അതിൽനിന്നു വ്യത്യസ്തമാണ് കേരളം. അതിന് കാരണം നാരായണ ഗുരുവിന്റെ ആഹ്വാനമാണ്.
കേരളത്തിൽ ഗുരു ഇത്തരം കാര്യങ്ങളിൽ ഇടപെടുന്ന ഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് നമ്മുടെ നാട് ഏറെ പിറകിലായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി നാടിനെ വിദ്യാഭ്യാസത്തിലേക്ക് ഇറക്കിത്തിരിച്ചത് ഗുരുവായിരുന്നു. തന്റെ കയ്യിൽ ആശ്രമം സ്ഥാപിക്കുന്നതിനായി കിട്ടിയ ഭൂമി വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിനായി ഗുരു വിട്ടുകൊടുത്തു. ഗുരുവിന്റെ നിർദ്ദേശങ്ങൾ പൂർണമായി ഉൾക്കൊണ്ട് പ്രവർത്തിച്ചതുകൊണ്ടാണ് കേരളം വിദ്യാഭ്യാസ പുരോഗതിയിൽ മുന്നോട്ട് എത്തിയത്.
കുമാരനാശാൻ പോലും യോഗത്തിന്റെ തലപ്പത്ത് പതിനാറ് കൊല്ലമേ ഇരുന്നിട്ടുള്ളൂ. എന്നാൽ വെള്ളപ്പള്ളിക്ക് മുപ്പതു വർഷം എസ്.എൻ.ഡി.പിയുടെ തലപ്പത്ത് ഇരിക്കാൻ സാധിച്ചു. ആത്മാഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചു നിൽക്കാൻ ആവശ്യമായ ധൈര്യം അംഗങ്ങൾക്ക് പകർന്നുകൊടുത്ത നേതൃസ്ഥാനമാണ് വെള്ളാപ്പള്ളിയുടേത്. ആ നേതൃത്വത്തിൽ യോഗം വളർന്നു. ഗുരുവിന്റെ ജാതിയില്ലാ വിളംബരം, സർവ്വമത സമ്മേളനം എന്നിവയെല്ലാം കേരളത്തിന്റെ പുരോഗതിക്ക് നൽകിയ സ്ഥാനം ചെറുതല്ല. മതമേതായാലും മനുഷ്യൻ നന്നായാൽ മതി, ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് തുടങ്ങിയതെല്ലാം ഗുരുവിന്റെ വാചകങ്ങളാണ്.
ആരംഭകാലം മുതൽ ഒട്ടേറെ മഹാരഥൻമാരാണ് എസ്.എൻ.ഡി.പി യോഗത്തിന് നേതൃത്വം നൽകിയത്. കേരളത്തിലെ സാമൂഹ്യപരിഷ്കാരങ്ങളുടെ ആചാര്യനായ ഗുരുവാണ് യോഗത്തിന് തുടക്കത്തിൽ നേതൃത്വം നൽകിയത്. ആത്മീയത മാത്രമല്ല, അനാചാര ധ്വംസനവും മത നവീകരണവും യുക്തിവാദവും പ്രപഞ്ചവീക്ഷണവുമെല്ലാം യോഗത്തിന്റെ ഭാഗമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.