തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യവിമർശനമുന്നയിച്ച യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എം.പി.ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീർ. ശരിയായ ദിശയിൽ അതിവേഗത്തിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ, കൂടെയിരിക്കുന്ന സഹപൈലറ്റ് കുത്തി വിമാനം തകർക്കാൻ ശ്രമിക്കുന്നത് പോലെയായിരുന്നു അടൂർ പ്രകാശിന്റെ വാർത്താസമ്മേളനമെന്ന് ഷഫീർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
അതേസമയം, വി.ഡി. സതീശനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി അടൂർ പ്രകാശ് വ്യക്തമാക്കി. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതികരിച്ചതെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താൻ ഒറ്റയ്ക്കാണ് ഈ നിലപാടെടുത്തതെന്നും ആരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിമേർത്തു.
കഴിഞ്ഞ നാല് മാസത്തിനിടെ ഒരു തവണ മാത്രമാണ് യു.ഡി.എഫ്. യോഗം ചേർന്നത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും പരാതി നേരിട്ട് എ.ഐ.സി.സി.യെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിൽ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും യാഥാർഥ്യങ്ങൾ മാത്രമാണ് ചൂണ്ടിക്കാണിച്ചതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
എം.കെ. മുനീർ, ജി. ദേവരാജൻ എന്നിവർ മികച്ച നേതാക്കളാണെന്നും അവർക്ക് സ്ഥാനമാനങ്ങൾ നൽകിയതിനെ താൻ എതിർക്കുന്നില്ലെന്നും എന്നാൽ ചില കാര്യങ്ങളിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നാണ് ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിപക്ഷ നേതാവുമായി വ്യക്തിപരമായ തർക്കങ്ങളില്ലെന്നും വിമർശനങ്ങളിൽ താൻ ഒറ്റയ്ക്കായതിൽ വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







