കോഴിക്കോട്: തിരക്കേറിയ ജീവിതത്തിൽ എന്നും കരുത്തും കരുതലുമായി കൂടെയുള്ള ഭാര്യ സൈനബയെ ആത്മകഥയിൽ പരാമർശിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഈ മാസം അവസാനം പുറത്തിറങ്ങാനിരിക്കുന്ന വിശ്വാസപൂർവ്വം എന്ന ആത്മകഥയിലാണ് ഭാര്യ സൈനബയെ പറ്റിയുള്ള ദൈർഘ്യമേറിയ പരാമർശമുള്ളത്.
പണ്ഡിതന്മാരെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തവരക്കുന്നൻ അഹമ്മദ് ഹാജിയുടെ മകളാണ് സൈനബ. നേരത്തെ ചിലർ മുഖേന നടന്ന വിവാഹാലോചന മുടങ്ങിയതിനാൽ, അഹമ്മദ് ഹാജി തന്നെയാണ് തന്റെ മകൾ സൈനബിന്റെ കാര്യം പറഞ്ഞതെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ ഓർത്തെടുക്കുന്നു.
കോഴിക്കോട് ജില്ലയിലെ പുനൂർ അങ്ങാടിയിൽ തുണിക്കച്ചവടം നടത്തുന്ന അഹമ്മദ് ഹാജിയെ പഠിക്കുന്ന കാലംതൊട്ടേ കാന്തപുരത്തന് പരിചയമുണ്ട്. എത്രയോ തവണ അദ്ദേഹത്തോ ടൊപ്പം വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരിക്കൽ കടയിൽ പോയപ്പോൾ മകൾ സൈനബയെ നികാഹ് ചെയ്യുന്ന കാര്യം ആലോചിച്ചാലോ എന്ന് അദ്ദേഹം തന്നെയാണ് ചോദിച്ചത്. സമ്മതം മൂളിയതോടെ കുടുംബങ്ങൾ തമ്മിൽ സംസാരിച്ചു. വിവാഹവും ഉറപ്പിച്ചു.
കോഴിക്കോട്ടെ പ്രസിൽ പോയി കല്യാണക്കത്ത് അച്ചടിപ്പിച്ചു. വെള്ള നിറത്തിലുള്ള പേപ്പറിൽ സ്വർണ നിറമുള്ള ബോർഡറുള്ള ചെറിയൊരു കത്തായിരുന്നു. രാത്രിയാണു പെണ്ണിനെ കൂട്ടിക്കൊണ്ടുവന്നത്. സൈനബയ്ക്ക് ധരിക്കാൻ ഒരു ബുർഖ വാങ്ങിച്ചിരുന്നു. അന്നത് വലിയ പതിവില്ലാത്ത വസ്ത്രമാണ്. പെട്രോമാക്സിന്റെ വെളിച്ചത്തിലായിരുന്നു വരവ്. പുതിയാപ്പിളയെ വരവേറ്റുകൊണ്ടു ശിഷ്യന്മാരായ മുഹയുദ്ദീൻ മുസല്യാർ അണ്ടോണയും സി.അബ്‌ദുറഹിമാൻ മുസല്യാർ കാന്തപുരവും പാട്ടുപാടി. എ.സി. അബ്ദുറഹിമാൻ തന്നെ എഴുതിയ പാട്ടായിരുന്നു. എ.സി.എ കാന്തപുരം എന്ന പേരിൽ അദ്ദേഹം പാട്ടുകൾ എഴുതാറുണ്ട്.
സാമാന്യം ഭേദപ്പെട്ട സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നാണു സൈനബ വരുന്നത്. കാന്തപുരത്തെ മൊയ്ല്യാരാണ് പുതിയാപ്പിളയായി വരുന്നതെന്നും ഞാൻ പണമല്ല, അറിവാണ് നോക്കിയതെന്നുമാണ് അഹമ്മദ് ഹാജി സൈനബയോട് പറഞ്ഞിരുന്നത് എന്ന് പിന്നീടറിഞ്ഞു. എൻ്റെ സാമ്പത്തിക പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ട് വിവാഹത്തിൽനിന്നു പിന്മാറാൻ പലരും അഹമ്മദ് ഹാജിയെയും പ്രേരിപ്പിച്ചിരുന്നു.
എന്റെ ജീവിതത്തിലെ എല്ലാവിധ യാഥാർഥ്യങ്ങളും മനസ്സിലാക്കി പെരുമാറുന്നയാളാണ് സൈനബ. ഞങ്ങൾ തമ്മിൽ ഒരിക്കലും പിണങ്ങേണ്ടി വന്നിട്ടില്ല. ദേഷ്യത്തിൽ ഒരു വാക്കു പോലും പരസ്പരം പറഞ്ഞിട്ടില്ല. ഞാനേറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളിലൊന്നും ഒരിക്കൽപോലും നീരസം പ്രകടിപ്പിച്ചിട്ടുമില്ല. അതൊക്കെ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ തന്നെയല്ലേ എന്നൊരു സമീപനമാണുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ വിമർശനങ്ങളും ആരോപണങ്ങളും പ്രതിസന്ധികളുമൊന്നും അവരെ തളർത്തിയില്ല.
വീട്ടിലെ കാര്യങ്ങളുടെ മേൽനോട്ടം മുഴുവനും സൈനബയാണ് നിർവഹിക്കുന്നത്. എല്ലാ കാര്യങ്ങളും എഴുതി സൂക്ഷിക്കുന്ന ഒരു നോട്ട് ബുക്ക് അവരുടെ കൈവശമുണ്ടാകും. കുടുംബത്തിലെ ജനനം, മരണം, തേങ്ങയുടെയും അടയ്ക്കയുടെയും കണക്ക്, വാങ്ങിയ സാധനങ്ങൾ, ചെലവഴിച്ച പൈസ എല്ലാം കൃത്യമായി എഴുതി സൂക്ഷിച്ചിട്ടുണ്ടാകും. ഞാൻ ചോദിച്ചിട്ടോ എന്നെ കാണിക്കാൻ വേണ്ടിയോ അല്ല അക്കാര്യം ചെയ്യുന്നത്. കച്ചവടക്കാരനായ ഉപ്പയിൽ നിന്നു കിട്ടിയ സ്വഭാവമാണത്. നെല്ലു കുത്താനും അരിപൊടിക്കാനുമൊക്കെ ഏർപ്പാട് ചെയ്യുന്നതും മകൻ ഹകീമിനെ എല്ലാ ആഴ്ചയും റേഷൻ വാങ്ങാൻ പറഞ്ഞയക്കുന്നതുമെല്ലാം സൈനബ തന്നെ ആയിരുന്നു.
മക്കയിലേക്കും മദീനയിലേക്കും ഞങ്ങളൊരുമിച്ചു പലതവണ യാത്ര ചെയ്തു ബൈത്തുൽ മുഖദ്ദ സിലേക്കും അജ്‌മീറിലേക്കും ഏർവാടിയിലേക്കും പോയി. ഒന്നിച്ചല്ലാത്ത യാത്രകൾ കഴിഞ്ഞു വരുമ്പോൾ എന്തെങ്കിലും സമ്മാനം വാങ്ങിവെക്കും. വസ്ത്രങ്ങളോ അത്തറോ ആണ് അധികവും വാങ്ങുക. സൈനബാക്കും മക്കൾക്കും അർഹതപ്പെട്ട സമയങ്ങൾ കവർന്നെടുത്താണ് ഞാൻ പല സാമുഹിക പ്രവർത്തനങ്ങൾക്കും ഇറങ്ങിത്തിരിക്കാറുള്ളത്. അതിലൊന്നും ഒരിക്കലും പരാതി പറഞ്ഞില്ല. വി ട്ടിലെ അസൗകര്യങ്ങളെക്കുറിച്ചു വേവലാതിപ്പെട്ടില്ല.. പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന വീട്ടിൽ 1975-76 കാലത്താണ് വൈദ്യുതി കണക്ഷൻ കിട്ടുന്നത്.
1980കളുടെ തുടക്കത്തിൽ കോഴിക്കോട്ടു നിന്ന് ഒരു സെക്കൻഡ് ഹാൻഡ് ഫാൻ വാങ്ങി വന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. ബഹ്‌റൈനിൽ നിന്നു വന്ന ഒരാ ഇടെ കയ്യിൽ നിന്നും വാങ്ങിയതാണ് ക്രോംപ്ടന്റെ ആ ഫാൻ, കോഴിക്കോട് നിന്നും ബസ്സിൽ കയറ്റിയാണത് പൂ നൂരിൽ എത്തിച്ചത്. ഇതേപോലെ ബസ്സിൽ കയറ്റിയാ ണ് വീട്ടിലേക്ക് ആദ്യമായി രണ്ടു കസേരകൾ ഞാനും മകൻ ഹകീമും ചേർന്ന് കോഴിക്കോട്ടു നിന്നു വാങ്ങി ക്കൊണ്ടുവന്നതുമെന്നും കാന്തപുരം ഓർത്തെടുക്കുന്നു. കാന്തപുരത്തിന്റെ ആത്മകഥയുടെ ചില ഭാഗങ്ങൾ മലയാള മനോരമ ദിനപത്രം ഞായറാഴ്ച പതിപ്പിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.