തൊടുപുഴ: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ നാല് പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് 6:30-ന്, തൊടുപുഴ മങ്ങാട്ടുകവലയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ. നസീർ അനുസ്മരണ സമ്മേളന വേദിക്ക് സമീപമാണ് സംഭവം.
മുതലക്കോടത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ, ഷാജന്റെ കാറിൽ മറ്റൊരു വാഹനം ഇടിച്ചു. കാർ നിർത്തിയ ഷാജനെ വാഹനത്തിനുള്ളിൽ വെച്ച് നാലംഗ സംഘം മുഖത്തും ശരീരത്തിലും തുടർച്ചയായി മർദിച്ചതായി ഒപ്പമുണ്ടായിരുന്നവർ വെളിപ്പെടുത്തി. മൂക്കിൽ നിന്ന് രക്തം ഒഴുകിയ ഷാജനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഷാജൻ എത്തിയ വിവരമറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടർന്ന് ആക്രമണം നടത്തിയതായി പൊലീസിന്റെ പ്രാഥമിക നിഗമനം. കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.