ന്യൂദൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്ഭുതമായിരുന്നു ഈയടുത്ത കാലം വരെ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രണ്ടാം യു.പി.എ സർക്കാരിനെതിരെ നിരന്തര പ്രക്ഷോഭം നടത്തി ദൽഹിയിൽ അധികാരത്തിലെത്തിയ കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി പിന്നീട് പഞ്ചാബിലും അധികാരത്തിലെത്തി. ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് ഇന്ത്യയൊട്ടാകെ വലിയ ശക്തിയാകുമെന്നായിരുന്നു ആം ആദ്മിയുടെ പ്രഖ്യാപനം. എന്നാൽ വീണ്ടുമൊരിക്കൽ കൂടി ദൽഹിയിൽ അധികാരത്തിലെത്താമെന്ന ആം ആദ്മിയുടെ മോഹം അമ്പേ പരാജയപ്പെട്ട കാഴ്ചയാണ് ദൽഹിയിൽ കണ്ടത്. ആം ആദ്മി തോറ്റുവെന്നത് മാത്രമല്ല, മുൻ മുഖ്യമന്ത്രി കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കമുള്ള പ്രമുഖർ പരാജയപ്പെടുകയും ചെയ്തു. ഇത് ആം ആദ്മിയുടെ പരാജയത്തിന്റെ ആഘാതം വർധിപ്പിക്കുന്നതാണ്.
ദൽഹി മദ്യനയ കേസിൽ ഉൾപ്പെടുത്തിയാണ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും ഇ.ഡിയും സി.ബി.ഐയും നേരത്തെ കുരുക്കിയത്. നിരവധി ആഴ്ച ജയിലിൽ കിടന്ന ശേഷമാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഇരുനേതാക്കളെയും പരമാവധി പ്രതിസന്ധിയിൽ അകപ്പെടുത്തിയാണ് ദൽഹിയിൽ ബി.ജെ.പി വിജയം കൊയ്തതും.
ന്യൂദൽഹി സീറ്റിൽ നിന്ന് വീണ്ടും മത്സരിച്ച അരവിന്ദ് കെജ്‌രിവാൾ, മുൻ ബി.ജെ.പി എം.പി പർവേഷ് വർമ്മയോടാണ് പരാജയപ്പെട്ടത്. കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് ഇവിടെ മൂന്നാം സ്ഥാനത്താണ്. ഇന്ത്യാ സഖ്യത്തിലെ പ്രധാന കക്ഷികളിൽ ഒന്നായ ആം ആദ്മിയുടെയും അതിന്റെ നേതാക്കളുടെയും പരാജയം സഖ്യം ഇനി മുന്നോട്ടുപോകുമോ എന്ന ചോദ്യവും ഉയർത്തുന്നുണ്ട്.
ബി.ജെ.പിയുടെ ഭാവി മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളയാളാണ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ്മ. ഇദ്ദേഹം ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും. വിജയത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച വർമ്മ വോട്ടർമാർക്ക് നന്ദി പറയുകയും ദൽഹിയിലെ ഒരു ‘ഡബിൾ എഞ്ചിൻ’ സർക്കാരിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
കോൺഗ്രസിന്റെ ശക്തയായ നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തി 2013 മുതൽ അരവിന്ദ് കെജ്‌രിവാൾ ന്യൂദൽഹി സീറ്റ് നിലനിർത്തിവരികയായിരുന്നു. ജാൻപ്ഗുരയിലാണ് മനീഷ് സിസോദിയ തോറ്റത്. ആം ആദ്മിയുടെ പരാജയത്തിന്റെ വ്യാപ്തി അടിവരയിടുന്നതാണ് രണ്ടു പരാജയവും. മത്സരിച്ച് കീഴടങ്ങിയതിന് മിനിറ്റുകൾക്ക് ശേഷം പ്രഖ്യാപിച്ചു – ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ പരാജയത്തിന്റെ വ്യാപ്തി അടിവരയിടുന്നു. എഴുപത് അംഗ നിയമസഭയിൽ 43 സീറ്റിലാണ് നിലവിൽ ബി.ജെ.പി വിജയിച്ചത്. ആം ആദ്മി 13 സീറ്റിലും വിജയിച്ചു. കോൺഗ്രസിന് സീറ്റൊന്നുമില്ല.
ദൽഹിയിൽ ഭരണം പിടിച്ച് കോൺഗ്രസിന് ദേശീയ തലത്തിൽതന്നെ വലിയ തിരിച്ചടി നൽകിയ നേതാവാണ് അരവിന്ദ് കെജ്രിവാൾ. നിലവിലുള്ള മുഖ്യമന്ത്രിയെ തോൽപ്പിച്ച് ദൽഹി പിടിച്ച് രാജ്യത്തെ ഞെട്ടിച്ച കെജ്രിവാൾ ഒന്നര പതിറ്റാണ്ടിനുള്ളിൽ പരാജയപ്പെടുകയാണ്. ദൽഹിയെ ഏറെ ഉന്നതിയിലേക്ക് നയിച്ച അരവിന്ദ് കെജ്രിവാളിന്റെ ഭരണത്തിന്റെ അവസാന രണ്ടു വർഷം പ്രശ്ന കലുഷിതമായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികൾ അദ്ദേഹത്തെ നിരന്തരം പീഡിപ്പിച്ചു. അത് ജയിലിലേക്കും സുപ്രീം കോടതിയിൽ വരെ എത്തിയ നിയമവ്യവഹാരങ്ങളിലേക്ക് വരെ നീളുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിയിൽ കഴിഞ്ഞ പത്തുവർഷം ആം ആദ്മി സാന്നിധ്യം കൊണ്ട് ഭാഗമായിരുന്നു. ആ പാർട്ടിയുടെ തളർച്ചയുടെ കൂടി സ്റ്റാർട്ടിംഗ് വിസിലാണ് ഇന്ന് ദൽഹിയിൽ മുഴങ്ങിയത്.