കോഴിക്കോട്: പിതാവിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ബിൽ തുക അടയ്ക്കാനാവാതെ ആശുപത്രിയിൽ കഴിയുന്നതിനിടെ സഹായിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുടുംബനാഥന്റെ മകളെയാണ് ചാരിറ്റിയുടെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെ കേസെടുത്തതായി നടക്കാവ് പോലീസ് പറഞ്ഞു.
പ്രതി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്. പ്രതിയുടെ അശ്ലീല ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
പെൺകുട്ടിയുടെ പിതാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപ ബിൽ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം അടയ്ക്കാനുണ്ടായിരുന്നു. ഇതേ തുടർന്ന് ഡിസ്ചാർജ് ആയി രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും ആശുപത്രിയിൽനിന്നു പോകാൻ സാധിച്ചിരുന്നില്ല. വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം രൂപ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ പലരോടും സഹായം അഭ്യർത്ഥിച്ചിരുന്നു.
ഇതേ തുടർന്ന് പ്രതി ഹോസ്പിറ്റലിൽ എത്തി പെൺകുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുകൾ വാങ്ങി നൽകുകയായിരുന്നു. തിരിച്ചുവരുന്ന സമയത്ത് വയനാട്ടിൽ പോയി റൂം എടുക്കാമെന്നും കൂടുതൽ അടുത്താൽ കൂടുതൽ സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തിൽ സ്പർശിക്കുകയുമുണ്ടായി. ആശുപത്രിയിൽ തിരിച്ചെത്തിച്ചശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടർന്നു. പെൺകുട്ടി ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇയാൾ പണം നൽകാൻ സാധിക്കില്ലെന്ന നിലപാടിലേക്ക് മാറുകയായിരുന്നു.
അതിനിടെ ഒരു സാമൂഹിക പ്രവർത്തകൻ മുഖേന ബിൽതുക അടച്ചശേഷം കുടുംബത്തെ ഇന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ശേഷം പുതിയ വാടക വീടും ഇവർ ഏർപ്പാടാക്കി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പരാതിയിൽ പ്രതിക്കെതിരേ ബി.എൻ.എസ് 75, 78 വകുപ്പ് പ്രകാരം കേസെടുത്തതായി നടക്കാവ് പോലീസ് പറഞ്ഞു.