കൊച്ചി– ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ് വിധിച്ച് കോടതി. 120B ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾക്ക് 50,000 രൂപ പിഴയടയ്ക്കാനും അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് 10 വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പെൻഡ്രൈവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യരുതെന്നും അതിജീവിതയുടെ സ്വർണമോതിരം തിരികെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ശിക്ഷയെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ഫൈൻ അടയ്ക്കാത്ത പക്ഷം ഒരുവർഷം അധികം ശിക്ഷ അനുഭവിക്കേണ്ടി വരും.
കേസിൻ്റെ സെൻസേഷൻ ശിക്ഷ വിധിക്കുന്നതിൽ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കി. വിധി പറയുന്നതിനിടെ നിർഭയ കേസ് കോടതി പരാമർശിച്ചു. യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ച് വാദിച്ചിരുന്നു. പ്രതികൾക്ക് മാനസാന്തരം സംഭവിക്കാനുള്ള സാധ്യതയില്ലേ എന്ന് കോടതി അഭിപ്രായപ്പെട്ടപ്പോൾ, ശിക്ഷ സമൂഹത്തിന് മാതൃകയാകണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ സമൂഹത്തിനു വേണ്ടിയാണോ വിധി എഴുതേണ്ടതെന്ന് കോടതി പ്രതികരിക്കുകയും ചെയ്തു. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകാനാകൂ എന്ന് പൾസർ സുനിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും, അതിജീവിതയുടെ നിസ്സഹായതയും സ്ത്രീയുടെ സകല അന്തസ്സും അഭിമാനവും പ്രധാനമാണെന്നും കോടതി തിരിച്ച് ചോദിച്ചു.
ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്., രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കുട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ചിത്രമെടുക്കൽ, ഇത് പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതി നടൻ ദിലീപ് അടക്കമുള്ള നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. പൾസർ സുനി ഏഴര വർഷവും മറ്റ് പ്രതികൾ അഞ്ച് വർഷത്തോളവും റിമാൻഡ് തടവുകാരായി കഴിഞ്ഞിട്ടുണ്ട്.



