കൊച്ചി – നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് അവിടെവച്ചായിരുന്നു അന്ത്യം.
48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. തലശ്ശേരിയിലെ പാട്യം എന്ന ദേശത്ത് സിനിമാബന്ധങ്ങളൊന്നുമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് കടന്നുവന്ന് മലയാള സിനിമയിൽ നാഴിക്കക്കല്ലുകളായ ഒരു പിടി ചിത്രങ്ങൾ എഴുതിയ അദ്ദേഹം നടനെന്ന നിലയിലും പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി. മട്ടന്നൂർ പഴശിരാജ എൻ എസ് എസ് കോളജിൽ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ചലച്ചിത അഭിനയത്തിൽ പരിശീലനവും നേടിയ അദ്ദേഹം 1977ൽ പി എ ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് രംഗത്തെത്തിയത്. 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു.
1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. കുടുംബബന്ധങ്ങൾ പ്രമേയമാകുമ്പോൾ പോലും സാമൂഹ്യപ്രശ്നങ്ങളും നിരീക്ഷണങ്ങളും തന്റെ ചിത്രങ്ങളിൽ ഭംഗിയായി ഇണചേർക്കാനും ശ്രീനിവാസന് കഴിഞ്ഞു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം.
ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിന് 1989ലെ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998ലെ സാമൂഹികവിഷയ ചിത്രത്തിനുളള ദേശീയ പുരസ്കാരവും നേടി. മഴയെത്തും മുമ്പേ(1995), സന്ദേശം (1991) എന്നീ ചിത്രങ്ങൾ മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം നേടി.



