തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് സ്വീകരിച്ച സസ്പെൻഷൻ നടപടി മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഇത്തരം സംഭവത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ഇത്ര കർശനമായി നടപടിയെടുക്കുന്നത് ആദ്യമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി വിശദമായി പരിശോധിച്ച ശേഷമാണ് നടപടി എടുത്തത്. മറ്റുള്ളവർ നടപടി എടുക്കാത്തതിനാൽ ഞങ്ങൾക്ക് ഒഴിവുകഴിവ് പറയാമായിരുന്നു. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട നേതാവിനെതിരെ നടപടി എടുത്തു. സിപിഎം റേപ്പ് കേസ് പ്രതിയെ സംരക്ഷിക്കുമ്പോൾ, കോൺഗ്രസ് ഒരു പരാതി ഇല്ലാതെ തന്നെ സ്ത്രീയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ ശക്തമായ നിലപാട് സ്വീകരിച്ചുവെന്ന് സതീശൻ വ്യക്തമാക്കി.
വനിതാ നേതാക്കൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്നും, സിപിഎം ആണ് ഇത്തരം ആക്രമണങ്ങൾ ആരംഭിച്ചതെന്നും സതീശൻ ആരോപിച്ചു. സ്ത്രീകളെ സൈബർ ആക്രമണം നടത്തുന്നത് മനോരോഗമാണ്. വനിതാ നേതാക്കൾ അവരുടെ അഭിപ്രായം പറഞ്ഞപ്പോൾ, അവർക്കെതിരെ ആക്രമണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.