- തുടർ ഭരണം ഉണ്ടാകുമെന്നും 21ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേൽക്കുമെന്നും എ പ്രദീപ്കുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ എ പ്രദീപ് കുമാറിനെ നിയമിച്ചു. കെ.കെ രാഗേഷ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് പുതിയ നിയമനം.
കോഴിക്കോട് നോർത്തിൽനിന്ന് എം.എൽ.എയായി ഹാട്രിക് തികച്ച എ പ്രദീപ് കുമാർ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങി വിദ്യാർത്ഥി-യുവജന സംഘടനാ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് മികച്ച സംഘാടനം കാഴചവെച്ച വ്യക്തി കൂടിയാണ്. അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ നടക്കാവ് ഹയർ സെക്കൻഡറി സ്‌കൂൾ ഉൾപ്പെടെ, പ്രിസം പദ്ധതിയിലൂടെ കോഴിക്കോട്ടെ ഒരു കൂട്ടം സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയത് എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് ജനകീയനും പാർട്ടിയിൽ വിഭാഗീയത ശക്തമായ കാലത്ത് വി.എസ് പക്ഷക്കാരനായും മുദ്രകുത്തപ്പെട്ട എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണ്ണായക പദവി തേടിയെത്തിയിരിക്കുന്നത്.
പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കേ, എം.പി വീരേന്ദ്രകുമാറിന്റെ ജനതാദളിൽനിന്നും കോഴിക്കോട് ലോകസഭാ സീറ്റ് പിടിച്ചുവാങ്ങി പാർട്ടിയിലെ ജൂനിയറായ അഡ്വ. പി.എ മുഹമ്മദ് റിയാസിനെ കളത്തിലിറക്കിയത് ഏറെ കോലാഹലങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. അന്ന് കോൺഗ്രസിലെ എം.കെ രാഘവൻ നേടിയ മിന്നും നേട്ടത്തിൽ സ്ഥാനാർത്ഥി നിർണയത്തിലെ സി.പി.എം വീഴ്ചയടക്കം പ്രധാന ചർച്ചയായിരുന്നു. 700-ൽപരം വോട്ടുകൾക്കായിരുന്നു ഇടതു തട്ടത്തിൽ സി.പി.എം സ്ഥാനാർത്ഥി അന്ന് അടിയറവ് പറഞ്ഞത്. അന്നത്തെ റിയാസിന്റെ തോൽവിയിൽ പാർട്ടിയിലെ വിഭാഗീയതയ്ക്കും പങ്കുള്ളതായും, എ പ്രദീപ്കുമാറിനെതിരെ അടക്കം ചില കേന്ദ്രങ്ങൾ ആരോപണങ്ങളും ഉയർത്തിയിരുന്നു.

പിന്നീട് തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ഈ നോട്ടപ്പിശകുകൾ തിരുത്താൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനെയും ശേഷം എ പ്രദീപ്കുമാറിനെയും ഏറ്റവും ഒടുവിൽ എളമരം കരീമിനെയുമെല്ലാം പാർട്ടി സ്ഥാനാർത്ഥിയാക്കി ലോകസഭയിലേക്ക് പരീക്ഷിച്ചെങ്കിലും യാതൊരു ചലനവുമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഓരോ പാർലമെന്റ് തെരഞ്ഞെടുപ്പിലും തോൽവി അതിഭീകരമായി അനുഭവപ്പെടുകയായിരുന്നു.
പാർട്ടിയിൽ വി.എസ്-പിണറായി വിഭാഗീയത കത്തിനിന്നപ്പോൾ അന്തരിച്ച മത്തായി ചാക്കോയോടൊപ്പം കോഴിക്കോട് വി.എസ് വിഭാഗത്തോട് താൽപര്യമുള്ള നേതാവായാണ് എ പ്രദീപ്കുമാറിനെ പലരും ചൂണ്ടിക്കാണിച്ചിരുന്നത്. 99-ൽ മുഹമ്മദ് റിയാസിനെ കോഴിക്കോട്ട് മത്സരിപ്പിച്ചപ്പോൾ തോൽവിയിൽ അണിയറയിൽ നിശബ്ദമായി കരുക്കൾ നീക്കിയെന്ന് ആരോപണം ഉയർന്ന പ്രദീപ്കുമാർ തന്നെ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പുതിയ നിയോഗവുമായി വരുന്നതും മാറ്റത്തിന്റെ വലിയൊരു സൂചനയായാണ് പലരും വ്യാഖ്യാനിക്കുക.
ഒന്നാം പിണറായി സർക്കാറിൽ മന്ത്രി സ്ഥാനത്തേക്കും പിന്നീട് പാർട്ടി സെക്രട്ടേറിയറ്റിലുമൊക്കെ പരിഗണിക്കപ്പെടുമെന്ന് കരുതിയ പേരുകളിൽ ഒന്നായിരുന്നു എ പ്രദീപ്കുമാറിന്റേത്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കപ്പെടുമെന്ന് ശ്രുതികളുണ്ടായിരുന്നു. എന്നാൽ, പല കാരണങ്ങളാൽ അതെല്ലാം തട്ടിത്തെറിക്കപ്പെട്ടുവെങ്കിലും തീർത്തും അപ്രതീക്ഷിത സമയത്താണ് ഞെട്ടിക്കുന്ന പുതിയ നിയമനം ഉണ്ടായിരിക്കുന്നത്. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അവതരിപ്പിച്ചതും അംഗീകാരം വാങ്ങിയതും. ഗ്രൂപ്പ് വിഭാഗീയതയുടെ കാലത്ത് സംശയിച്ചവരും മാറ്റിനിർത്തപ്പെട്ടവരുമായവരെ ചേർത്തുപിടിക്കുന്നുവെന്ന സൂചന കൂടിയാണ് മുഖ്യമന്ത്രി ഇതിലൂടെ നൽകുന്നതെന്ന് വ്യക്തം.
അതിനിടെ, വാർത്തകളിൽ എ പ്രദീപ്കുമാർ പ്രതികരിച്ചു. പാർട്ടി ഏൽപ്പിച്ച ചുമതലയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം. അത് നന്നായി ചെയ്യാൻ ശ്രമിക്കുമെന്നും നാളെ തിരുവനന്തപുരത്തേക്ക് പോകുമെന്നും 21ന് ചുമതലയേൽക്കുമെന്നും എ പ്രദീപ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ നന്നായി പ്രവർത്തിക്കുമ്പോൾ അതിന്റെ നേതൃത്വവുമായി ഒരുമിച്ചു പ്രവർത്തിക്കാൻ നിയോഗിച്ചിരിക്കുന്നു. ഏൽപ്പിക്കുന്ന ചുമതല നന്നായി ചെയ്യാൻ ശ്രമിക്കും. കേരളത്തിൽ തുടർ ഭരണം ഉണ്ടാവുമെന്ന് സമൂഹം തീർച്ചപ്പെടുത്തിയതാണ്. ചുമതല സംബന്ധിച്ച കാര്യം മുഖ്യമന്ത്രി നേരിട്ട് വിളിച്ച് സംസാരിച്ചതായും എ പ്രദീപ് കുമാർ വ്യക്തമാക്കി.