തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സംസ്‌കാര കർമ്മങ്ങൾക്ക് 10000 രൂപയും അനുവദിക്കും. വീട്ടിൽ വെള്ളം കയറിയ കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കാലവർഷക്കെടുതിയിൽ ഇതിനകം 26പേർ മരിച്ചു. 11 പേർക്ക് പരുക്കേറ്റുവെന്നും നാലു പേരെ കാണാനില്ലെന്നും സംസ്ഥാനത്ത് 462 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ചോദ്യങ്ങളോടായി മുഖ്യമന്ത്രി പ്രതികരിച്ചു.
2024-ൽ തൃശൂരിൽ കാലവർഷക്കെടുതിയിൽ ബാക്കി നൽകാനുള്ള ധനസഹായം അനുവദിച്ചതായി മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
എട്ടാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ത്യക്ക് മാതൃകയാകുന്ന വിധത്തിൽ കാലാവസ്ഥാ പ്രവചനത്തിന് സംവിധാനം ഉണ്ടാക്കും. ഫ്‌ളഡ് മാപ്പിംഗ് അടക്കം നടത്തും. ഡാമുകളിലെ മണൽ നീക്കും. നദികളിൽ അടിഞ്ഞ് കൂടിയ മണ്ണും മാലിന്യവും നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകും. ഡാം മാനേജ്മൻറിന് ആധുനിക സംവിധാനം കൊണ്ടുവരും. എഐ ഡ്രിവൺ സംവിധാനം ഒരുക്കും. ഡിസാസ്റ്റർ മാനേജ്‌മെന്റിന് പ്രഗത്ഭരുടെ വലിയ സംഘം വരും. നദിതീര കയ്യേറ്റം കണ്ടെത്താൻ ലാന്റ് ഓഡിറ്റിംഗ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






