ജലന്ധർ– ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനായ ഫൗജ സിങ് (114) അന്തരിച്ചു. പഞ്ചാബിലെ ജലന്ധറിലെ ബിയാസ് പിന്ദിൽ തിങ്കളാഴ്ച വൈകിട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1911-ൽ പഞ്ചാബിലാണ് ഫൗജ സിങ് ജനിച്ചത്. ബാല്യത്തിൽ തന്നെ ശാരീരിക വെല്ലുവിളികൾ അനുഭവിച്ച ഫൗജക്ക് അഞ്ചു വയസ്സുവരെ നടക്കാൻ പോലും കഴിയുമായിരുന്നില്ല. പിന്നീട് നടക്കാനുള്ള ശേഷി കൈവരിച്ചെങ്കിലും കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെട്ടിരു. ജീവിതത്തിൽ വന്ന ദു:ഖാനുഭവങ്ങൾക്കൊടുവിൽ, 1992-ൽ ഭാര്യയും 1994-ൽ മകനും മരണപ്പെട്ടതോടെ അദ്ദേഹം ഈസ്റ്റ് ലണ്ടനിലേക്ക് താമസം മാറി. അതിനുശേഷം ആത്മവിശ്വാസം വീണ്ടെടുത്ത് മാരത്തൺ ഓട്ടത്തിലൂടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുകയായിരുന്നു.
89-ാം വയസ്സിൽ, 2000-ൽ, ലണ്ടൻ മാരത്തണിലൂടെ ഫൗജ ആദ്യമായി പൊതു മാരത്തണിൽ പങ്കെടുത്തു. ആറു മണിക്കൂർ 54 മിനിറ്റിൽ മാരത്തൺ പൂർത്തിയാക്കി. പിന്നീട് ന്യൂയോർക്ക്, ടൊറന്റോ, മുംബൈ എന്നിവിടങ്ങളിലെ മാരത്തണുകളിലും പങ്കെടുത്ത് ശ്രദ്ധേയനായി.
2003-ൽ ടൊറന്റോ മാരത്തണിൽ അഞ്ച് മണിക്കൂർ 40 മിനിറ്റിൽ ഓടിയ ഫൗജ, 2011-ൽ കാനഡയിലെ ഒണ്ടാരിയോ മാരത്തണിൽ 100 വയസ്സ് പിന്നിട്ട വിഭാഗത്തിൽ എട്ട് റെക്കോഡുകൾ സ്വന്തമാക്കി. 100 വയസ്സ് പിന്നിട്ടവരിൽ ഫുൾ മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തിയാണ്.
ഫൗജ സിങിന്റെ ജീവിതം അടിസ്ഥാനമാക്കി ഖുശ്വന്ത് സിങ് എഴുതിയ ‘ടർബൻഡ് ടൊർണാഡോ’ എന്ന ജീവചരിത്ര പുസ്തകം 2011-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിജീവനത്തിനും ആത്മവിശ്വാസത്തിനും പ്രതീകമായ ഫൗജയുടെ ജീവിതം സമൂഹത്തിന് പ്രചോദനമായി തുടരുകയാണ്