കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പു നടന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ആര്‍ജി കര്‍ മെഡിക്കല്‍ കോളെജ് സംഭവത്തെ തുടര്‍ന്ന് ബിജെപിയും മറ്റും തൃണമൂലിനെതിരെ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ഈ മുന്നേറ്റം പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്നതാണ്. നയ്ഹതി, ഹരോവ, മേദിനിപൂര്‍, തല്‍ദന്‍ഗ്ര, സിതായ്, മദാരിഹാത് എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളിലെ എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്ന് രാജിവച്ചിരുന്നു.
എസ് സി സംവരണ മണ്ഡലമായ സിതായിയില്‍ തൃണമൂലിന്റെ സംഗീത റോയ് രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ മുക്കാല്‍ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഡ് ചെയ്യുന്നത്.
മദാരിഹാത്തില്‍ തൃണമൂലിന്റെ ജയ്പ്രകാശ് തൊപ്പോ കാല്‍ ലക്ഷത്തിലേറെ വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്നിലായിക്കിയിരിക്കുന്നു. 2021ല്‍ ബിജെപി ജയിച്ച സീറ്റായിരുന്നു ഇത്.
നയ്ഹതിയില്‍ തൃണമൂലിന്റെ സനത് ദാസ് ബിജെപിക്കെതിരെ കാല്‍ ലക്ഷത്തിലേറെ വോട്ടിന് ലീഡ് ചെയ്യുന്നു. ഹരോവയില്‍ തൃണമൂലിന്റെ എസ് കെ റിബിഉല്‍ ഇസ്ലാം ആറിയിരത്തിലേറെ വോട്ടിനാണ് എതിരാളിയായ ഓള്‍ ഇന്ത്യ സെക്യുലര്‍ ഫ്രണ്ടിന്റെ പിയാറുല്‍ ഇസ്ലാമിനെ പിന്നിലാക്കിയിരിക്കുന്നത്.
മേദിനിപൂരില്‍ തൃണമൂലിന്റെ സുജോയ് ഹസ്‌റ 11,000ലേറെ വോട്ടിന് ബിജെപിക്കെതിരെ ലീഡ് ചെയ്യുന്നു.