ന്യൂഡല്‍ഹി– വഖഫ് ഇസ്‌ലാം മതത്തില് അനിവാര്യമായ ആചാരമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. വഖഫ് ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാറിന്റെ വാദം കേള്‍ക്കുകയായിരുന്നു കോടതി. വഖഫ് നിയമത്തിനെതിരെ ഇടക്കാല ഹര്‍ജി പുറപ്പെടുവിക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
വഖഫ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ല, മറ്റു മതങ്ങളില്‍ ഉള്ളതുപോലെയുള്ള ദാന ധര്‍മ്മമാണിതെന്നും കേന്ദ്രം വാദിച്ചു. ക്രിസ്തുമതത്തിലും, ഹിന്ദുക്കള്‍ക്കും, സിഖുകാര്‍ക്കും ദാന ധര്‍മ്മമുണ്ടെന്ന് കേന്ദ്രം പറഞ്ഞു. 1954ലെ നിയമത്തിലൂടെയാണ് വഖഫ് ബൈ യൂസര്‍ നിയമം കൊണ്ടുവന്നത്. ഇതില്‍ ചില ഭേദഗതികള്‍ കൊണ്ടു വരികയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും സോളിസിറ്റര്‍ തുഷാര്‍ മെഹ്ത പറഞ്ഞു.
വഖഫ് ഒരു പള്ളിയോ, ദര്‍ഗയോ മാത്രമല്ല, സ്‌കൂളോ അനാഥാലയമോ ആകാമെന്നും വഖഫായി മാറാന്‍ കഴിയുന്ന നിരവധി മതേതര ചാരിറ്റബിള്‍ ട്രസ്റ്റുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകളല്ലാത്തവര്‍ക്ക് വഖഫ് ചെയ്യാമെന്നത് കൊണ്ട് മുസ്ലിംകളല്ലാത്തവര്‍ക്കും വഖഫ് പ്രാതിനിധ്യം നല്‍കാമെന്നും സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളം വിവധ തുറകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ച്, സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വഖഫ് ഭേദഗതി നിയമം പാസാക്കിയതെന്നും കേന്ദ്രം വാദിച്ചു.
ജസ്റ്റിസ് ബി.ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വഖഫ് നിയമഭേദഗതി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. നിയമഭേദഗതി ഇസ്ലാമിക തത്വങ്ങള്‍ക്കും ഭരണഘടനക്കും എതിരാണെന്ന ഹര്‍ജിക്കാര്‍ വാദിക്കുന്നു. അഞ്ച് ഹര്‍ജികളിലും വാദം പൂര്‍ത്തിയായാല്‍ വഖഫ് നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ സുപ്രീംകോടതി തീരുമാനമെടുക്കും.