പട്‌ന– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മൂന്നാം ദിനത്തിൽ ബിഹാറിൽ വൻ ജനപിന്തുണയോടെ മുന്നോട്ട്. വോട്ട് മോഷണത്തിനെതിരെ നടക്കുന്ന യാത്ര ഇന്ന് വസീർഗഞ്ചിലെ പുനാവയിൽ നിന്ന് പുനരാരംഭിക്കും. തേജസ്വി യാദവ് അടക്കമുള്ള ഇൻഡ്യ സഖ്യ നേതാക്കൾ യാത്രയിൽ പങ്കുചേരും.
എന്നാൽ, യാത്രക്കെതിരെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് രംഗത്തെത്തി. യാത്ര യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം തേജ് പ്രതാപ് ‘ജനശക്തി ജനതാദൾ’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു.
അതിനിടെ, എസ്.ഐ.ആർ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് മുൻ ലോക്സഭ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി വ്യക്തമാക്കി. രാഹുൽ ഗാന്ധിയോട് സത്യവാങ്‌മൂലം ആവശ്യപ്പെടാനോ നടപടി സ്വീകരിക്കാനോ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും, അവർ വാർത്താ സമ്മേളനത്തിൽ അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെന്നും ആചാരി കുറ്റപ്പെടുത്തി.
ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ളയും പ്രതിപക്ഷം ഇന്നും പാർലമെന്റിൽ ഉന്നയിക്കും. വോട്ടർ അധികാർ യാത്രയുടെ പശ്ചാത്തലത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. ഇന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എൻഡിഎ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനാൽ, പ്രതിപക്ഷത്തിന്റെ പിന്തുണ തേടും. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9-ന് നടക്കും.