ഡെറാടൂൺ– ഉത്തരാഖണ്ഡിൽ നാശം വിതച്ച് മിന്നൽ പ്രളയവും ഉരുൾപൊട്ടലും. സംഭവത്തിൽ 4 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ഒരു പ്രദേശമാകെ ഒലിച്ചുപോയതായാണ് റിപ്പോർട്ട്. ഉത്തരകാശിയിലെ ധാരാളി ഗ്രാമത്തിൽ ഉച്ചയോടെയാണ് സംഭവം.
മിന്നൽ പ്രളയത്തിന്റെ നടുപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തിലൂടെ പുറത്തുവരുന്നത്. പോലീസും ദേശീയ ദുരന്ത നിവാരണ സേനയും മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുവരുന്നതായി ഉത്തരകാശി പോലീസ് അറിയിച്ചു.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഉത്തരാഖണ്ഡില്‍ മഴ ശക്തമായി തുടരുകയാണ്. ഖീര്‍ ഗംഗാ മേഖലയില്‍ ശക്തമായ മേഘവിസ്‌ഫോടനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായത്.
ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന ഇന്ത്യൻ കാലാവസ്ഥ വകുപ്പ് നേരെത്തെ പ്രവചിച്ചിരുന്നു. ദിവസങ്ങളായുള്ള മഴയിൽ ഹർസിൽ മേഖലയിലെ ഖീർഗഢിലെ ജലനിരപ്പ് ഉയർന്നിരുന്നു.