ന്യൂഡല്‍ഹി– വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജനതാ മന്‍സൂര്‍ കോളനിയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം. ജൂലൈ 12ന് രാവിലെ 7 മണിക്കായിരുന്നു സംഭവം. ഒരു വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ 8 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ഭയപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തില്‍ താമസിച്ചിരുന്ന 10 ആളുകളും കെട്ടിടത്തിന് സമീപത്തുണ്ടായിരുന്നവരും അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് നിഗമനം. മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന്റെയും സ്ത്രീയുടേയും മൃതദേഹം ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റിയതായി ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു.
നാഷണല്‍ ദുരന്ത നിവാരണ സേന, ഡല്‍ഹി പോലീസ്, ഫയര്‍ ഫോഴ്‌സ് സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏഴോളം അഗ്നിരക്ഷാ സേന യൂണിറ്റ് സംഭവം നടന്ന ഉടനെ തന്നെ പ്രദേശത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ഉടമയായ മാത്ത്‌ലൂബും കുടുംബാംഗങ്ങളോടൊപ്പം ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. അപകട സമയത്ത് താഴത്തെ നിലയിലും ഒന്നാം നിലയിലും താമസക്കാരില്ല. അപകടത്തില്‍ എതിര്‍ വശത്തുള്ള കെട്ടിടത്തിനും കേടുപാടുകളുണ്ട്. അയല്‍വാസിയായ രവി കശ്യാപിനും ഭാര്യക്കും ഇഷ്ടിക വീണ് പരുക്കേറ്റു. കുറച്ചു കട്ടകള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കും വീണതായി രവി മാധ്യമങ്ങളോട് പറഞ്ഞു.