ന്യൂഡല്‍ഹി– രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാനായി രൂപീകരിച്ച ദേശീയ ന്യൂനപക്ഷ കമ്മിഷന് മാസങ്ങളായി നാഥനില്ല. കമ്മിഷനില്‍ മൊത്തം ഏഴു പേരില്‍ അഞ്ച് അംഗങ്ങള്‍ 2024 ഡിസംബറില്‍ കാലാവധി കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞിട്ടും പുതിയ അംഗങ്ങളെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. 2025 ഏപ്രിലില്‍ ഇഖ്ബാല്‍ സിങ് ലാല്‍പുര അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ വൈസ് ചെയര്‍മാന്‍ ആതിഫ് റഷീദിലൂടെ ജീവന്‍ നിലനിര്‍ത്തി ഏക അംഗമായി പ്രവര്‍ത്തിക്കുകയാണ് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍. യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര കമ്മിഷന്‍ 2025ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
2024ലെ യുഎസിന്റെ മതസ്വാതന്ത്ര റിപ്പോര്‍ട്ടിലും ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ നാഥനില്ലായ്മ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ യുഎസ് മത സ്വാതന്ത്ര കമ്മിഷന്റെ റിപ്പോര്‍ട്ടിനെ പാടെ തള്ളിക്കളയുകയാണ് ചെയ്തത്.
പ്രധാമന്ത്രിയുടെ ധനകാര്യ ഉപദേശക സമിതി 2024 റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരായും വളര്‍ച്ചയുള്ളവരായും വിലയിരുത്തുന്നു. 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന് ലഭിച്ചത് 140 പരാതികളാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2025 മാര്‍ച്ചില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനുമായി ചേർന്ന് ദേശീയ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷ കമ്മിഷനിലേക്കുള്ള അംഗങ്ങളുടെ നിയമനത്തില്‍ അലംഭാവം കാണിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ കമ്മിഷനെ നോക്കു കുത്തിയാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ‘മാധ്യമം’ എഡിറ്റോറിയല്‍ വ്യക്തമാക്കിയിരുന്നു.