ന്യൂദൽഹി- ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ എത്തുമോ. നിലവിലുള്ള വൈസ് പ്രസിഡന്റ് ജഗദീപ് ധൻകർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതോടെയാണ് തരൂരിനെ ചുറ്റിപ്പറ്റി വീണ്ടും അഭ്യൂഹങ്ങൾ ഉയരുന്നത്. കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന ശശി തരൂർ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഉപരാഷ്ട്രപതി പദവി ഏറ്റെടുക്കുമോ എന്നത് സംബന്ധിച്ച് ചർച്ചകൾ ഏതായാലും സജീവമാണ്. ഇന്ത്യയിലെ സോഷ്യൽ മീഡിയ ചാനലുകളിലെയും രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങളിലെയും നിലവിലുള്ള സംസാരം – തരൂരിനെ ‘രണ്ടാം പൗരൻ’ എന്ന പദവിയിലേക്ക് ഉയർത്തുമോ എന്നതാണ്.
ഇന്ത്യയുടെ നിലവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്നലെ രാത്രി (ജൂലൈ 21)യാണ് തികച്ചും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. വൈകുന്നേരം വരെ രാജ്യസഭയെ നിയന്ത്രിച്ച ശേഷമാണ് അനാരോഗ്യം ചൂണ്ടിക്കാട്ടി ധൻകർ രാജി പ്രഖ്യാപിച്ചത്. നിയമങ്ങൾ അനുസരിച്ച് അടുത്ത 60 ദിവസത്തിനുള്ളിൽ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കണം.
ധൻകറിന് പകരക്കാരനാകാൻ സാധ്യതയുള്ള പേരുകളുടെ പട്ടികയിൽ തരൂരിന്റെ പേര് ആദ്യസ്ഥാനത്തുണ്ട്. പാക്കിസ്ഥാന് എതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് ലോക രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് അറിയിച്ച് യാത്ര ചെയ്തത് ശശി തരൂർ ആയിരുന്നു. ഇത് അദ്ദേഹത്തെ ബിജെപി സർക്കാരുമായി കൂടുതൽ അടുപ്പിക്കുകയും മോഡിയുമായി കൂടുതൽ നല്ല ബന്ധത്തിന് കാരണമാകുകയും ചെയ്തു. തരൂരിന്റെ മോഡി സ്തുതിയിൽ കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കൾക്കും കടുത്ത അതൃപ്തിയുണ്ട്. തരൂരുമായി ഒത്തുപോകാനാകില്ല എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞ തരൂരും പാർട്ടിയുമായി വഴി പിരിയാൻ തന്നെയാണ് ആലോചിക്കുന്നത്.
കോൺഗ്രസ് പിന്തുണച്ചില്ലെങ്കിലും തരൂരിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കാനുള്ള ഭൂരിപക്ഷം നിലവിൽ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കുമുണ്ട്.
ബി.ജെ.പിയുമായും കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ധൻകർ സ്ഥാനം ഒഴിയുന്നത്. ആരോഗ്യപ്രശ്നങ്ങളാണെന്ന് അദ്ദേഹം പുറമേക്ക് പറയുന്ന കാരണം മാത്രമാണ് എന്നാണ് സൂചന. ഈ കാലഘട്ടത്തിൽ ഇന്ത്യയെ സേവിക്കാനായത് വലിയ ബഹുമതിയാണ് എന്ന് വ്യക്തമാക്കിയും ആരോഗ്യ പ്രശ്നങ്ങൾ കാരണം പദവിയിൽ മുന്നോട്ടു പോകാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ധൻകർ രാജിവെച്ചത്.
ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം പരിഗണിച്ചും ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ച്, ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനം ഞാൻ ഇതിനാൽ രാജിവയ്ക്കുന്നുവെന്നാണ് ധൻകർ പറഞ്ഞത്.
പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും ഞാൻ എന്റെ അഗാധമായ നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും വിലമതിക്കാനാവാത്തതാണ്, എന്റെ ഭരണകാലത്ത് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു. എല്ലാ പാർലമെന്റ് അംഗങ്ങളിൽ നിന്നും എനിക്ക് ലഭിച്ച ഊഷ്മളതയും വിശ്വാസവും വാത്സല്യവും എന്നെന്നും ഓർമ്മിക്കപ്പെടുകയും എന്റെ ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യും. നമ്മുടെ മഹത്തായ ജനാധിപത്യത്തിൽ ഉപരാഷ്ട്രപതി എന്ന നിലയിൽ ഞാൻ നേടിയ വിലമതിക്കാനാവാത്ത അനുഭവങ്ങൾക്കും ഉൾക്കാഴ്ചകൾക്കും ഞാൻ അഗാധമായി നന്ദിയുള്ളവനാണ്.
ഈ സുപ്രധാന കാലയളവിൽ ഇന്ത്യയുടെ ശ്രദ്ധേയമായ സാമ്പത്തിക പുരോഗതിക്കും അഭൂതപൂർവമായ വികാസത്തിനും സാക്ഷ്യം വഹിക്കാനും അതിൽ പങ്കാളിയാകാനും കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും ധൻകർ വ്യക്തമാക്കി.