ന്യൂഡൽഹി– കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകാൻ മാത്രമാണ് ബാക്കിയുള്ളതെന്ന് മൃഗസ്‌നേഹികളോട് സുപ്രീം കോടതി. രാജ്യത്തെ തെരുവുനായ പ്രശ്നത്തില്‍ മൃഗസ്‌നേഹികൾ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരിഹാസം.
അപകടകാരികളായ നായകളെ തിരിച്ചറിയുന്നത് അസാധ്യമാണെന്നും റോഡുകളിലും തെരുവുകളിലും കഴിയുന്ന നായയുടെ കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പ്രശ്നം ചൂണ്ടിക്കാട്ടിയത്. അക്രമികളായ നായകളെ സ്‌കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. കടിച്ചുകീറാനുള്ള അവസ്ഥയിലാവുമ്പോൾ അവയുടെ പെരുമാറ്റം ആർക്കും വായിച്ചെടുക്കാൻ കഴിയില്ല. തങ്ങളുടെ പരിഷ്‌കരിച്ച ഉത്തരവ് സ്ഥാപനപരമായ സ്ഥലങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്നും പൊതുറോഡുകളിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
നായകളുടെ ആക്രമണം മാത്രമല്ല കാര്യം. അവ ഉണ്ടാക്കുന്ന മറ്റു ഭീഷണികൾ കൂടിയുണ്ട്, അപകടങ്ങളുൾപ്പെടെ. എങ്ങനെ തിരിച്ചറിയാൻ കഴിയുമെന്നും കോടതി മൃഗസ്‌നേഹികളോട് ചോദിച്ചു. രാവിലെ ഏത് നായ എന്ത് മാനസികാവസ്ഥയിൽ ആയിരിക്കുമെന്ന് നിങ്ങൾക്കറിയില്ല.’ ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിങ് നൽകുക മാത്രമേ ഇനി ചെയ്യാനായി ബാക്കിയുള്ളുവെന്നും കോടതി പറഞ്ഞു.
തെരുവുനായ്ക്കളെ പല രീതിയില്‍ ഉപയോഗിക്കാമെന്നും കൃഷിയിടങ്ങളില്‍ ഉപയോഗിക്കാമെന്നാണ് മൃഗസ്‌നേഹികള്‍ പറയുന്നത്. മൃഗസ്‌നേഹികള്‍ക്ക് വേണ്ടി ഹാജരായത് കപില്‍ സിബലാണ്. മൃഗസ്‌നേഹികള്‍ക്ക് വേണ്ടി എബിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് മൃഗസംരക്ഷണ ബോര്‍ഡ് തയ്യാറാക്കിയ നടപടിക്രമെന്നും എല്ലാ തെരുവുനായ്ക്കളെയും പിടികൂടി എബിസിക്ക് വിധേയമാക്കുന്നത് അശാസ്ത്രീയമാണെന്നും ഇവർ വാദിച്ചു.
കഴിഞ്ഞ നവംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നായകളുടെ കടിയേൽക്കുന്ന സംഭവം വർധിക്കുന്നതു കണക്കിലെടുത്ത് വന്ധ്യംകരണത്തിനും വാക്‌സിനേഷനും ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഉത്തരവില്‍ മറുപടി നല്‍കാത്ത സംസ്ഥാനങ്ങള്‍ക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.



