മുംബൈ– 2008 ൽ ഐപിഎൽ മത്സരത്തിനിടെ ഹർഭജൻ സിങ് ശ്രീശാന്തിനെ തല്ലിയ സംഭവത്തിന്റെ മുമ്പ് കാണാത്ത വീഡിയോ പുറത്തുവിട്ടതിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ഭാര്യ. മൈക്കല്‍ ക്ലാര്‍ക്കുമായി നടന്ന ചര്‍ച്ചയ്ക്കിടെയാണ് ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് തല്ലിയ വിഡിയോ ലളിത് മോദി പുറത്തുവിട്ടത്. ഇതിനുപിന്നാലെയാണ് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്കും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്കല്‍ ക്ലാര്‍ക്കിനും എതിരെ വിമർശനവുമായി ശ്രീശാന്തിന്റെ ഭാര്യ രംഗത്ത് വന്നത്.
2008ല്‍ നടന്ന ഒരു സംഭവത്തിലേക്ക് ഇരുവരെയും വലിച്ചിഴക്കുന്നത് വൃത്തികെട്ടതും ഹൃദയശൂന്യവും മനുഷ്യത്വ രഹിതവുമായ കാര്യമാണെന്ന് ഭാര്യ
ഭുവനേശ്വരി പറഞ്ഞു. ശ്രീശാന്തും ഹര്‍ഭജന്‍ സിങ്ങും ക്രിക്കറ്റ് വിട്ട് ഒരുപാടു മുന്നോട്ടുപോയിക്കഴിഞ്ഞിരിക്കുന്നു എന്നും അവർ പറഞ്ഞു.
“ശ്രീശാന്തും ഹര്‍ഭജന്‍ സിങ്ങും ക്രിക്കറ്റ് വിട്ട് ഒരുപാടു മുന്നോട്ടുപോയിക്കഴിഞ്ഞു. അവര്‍ക്കിപ്പോള്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുണ്ട്. ഇപ്പോഴും പഴയ വേദനകളിലേക്ക് അവരെ എത്തിക്കാനാണു നിങ്ങള്‍ ശ്രമിക്കുന്നത്” ഭുവനേശ്വരി പറഞ്ഞു.
സ്വന്തം വിലകുറഞ്ഞ പബ്ലിസിറ്റിക്കും കാഴ്ചപ്പാടുകൾക്കും വേണ്ടി 2008 ലെ എന്തെങ്കിലും വലിച്ചിഴക്കുന്ന നിങ്ങൾ മനുഷ്യരല്ലെന്നും അവർ കൂട്ടിച്ചേർത്തു.
‘മനുഷ്യത്വ രഹിതവും വൃത്തികെട്ടതും ഹൃദയശൂന്യവുമായ നടപടിയാണിത്. ഒരുപാടു കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ശ്രീശാന്ത് അഭിമാനിക്കാവുന്നൊരു ജീവിതം കെട്ടിപ്പടുത്തു. 18 വര്‍ഷങ്ങള്‍ക്കു ശേഷം ആ ദൃശ്യങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത് വേദനയുണ്ടാക്കുന്നതാണ്. ഇത് ക്രിക്കറ്റ് താരങ്ങളെ മാത്രമല്ല വേദനിപ്പിക്കുന്നത്. അവരുടേതല്ലാത്ത കുറ്റത്തിന് ഇനി എന്റെ കുട്ടികളും ചോദ്യങ്ങള്‍ നേരിടേണ്ടിവരും. ഇങ്ങനെയൊരു കാര്യം ചെയ്തതിന് നിങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ശ്രീശാന്ത് കരുത്തും വ്യക്തിത്വവും ഉള്ളൊരു മനുഷ്യനാണ്. ഒരു വിഡിയോയ്ക്കും അത് ഇല്ലാതാക്കാന്‍ സാധിക്കില്ല.’ ഭുവനേശ്വരി വ്യക്തമാക്കി.
ആരും കാണാത്ത ദൃശ്യങ്ങള്‍ പുറത്തുവിടുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് തല്ലിയ വിഡിയോ ലളിത് മോദി പുറത്തുവിട്ടത്.