ന്യൂഡൽഹി – കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ സമഗ്ര വോട്ടർ പട്ടിക
പരിഷ്കരണം ( എസ്ഐആർ) നടപ്പിലാക്കുമ്പോൾ പ്രവാസികൾക്കും, ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ അടക്കം പഠിക്കുന്ന വിദ്യാർത്ഥികൾക്കും വോട്ടവകാശം നഷ്ടപ്പെടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
വിദേശരാജ്യങ്ങളിൽ താമസിക്കുന്ന പൗരന്മാർക്ക് പാസ്പോർട്ടിൽ നൽകിയ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് നില നിർത്താൻ എന്യൂമറേഷൻ ഫോമുകൾ ഓൺലൈൻ വഴി പൂരിപ്പിച്ചു കൊടുത്താൽ മതി. പുതുതായി പേർ ചേർക്കുന്നവരാണെങ്കിൽ ഫോം 6എ പൂരിപ്പിച്ച് സ്വന്തം മണ്ഡലത്തിലെ ഇലക്ടർ രജിസ്ട്രേഷൻ ഓഫീസർ അല്ലെങ്കിൽ അസിസ്റ്റന്റ് ഇലക്ടർ രജിസ്ട്രേഷൻ ഓഫീസർ ഇവർക്ക് നേരിട്ടോ അല്ലാതെയോ അയക്കാവുന്നതാണ്. തപാൽ മാർഗമോ, മൊബൈൽ ആപ്പും ഇതിനായി ഉപയോഗിക്കാം.
ഒരു വർഷത്തിൽ കൂടുതൽ രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും എന്യൂമറേഷൻ ഫോമുകൾ വഴി അപേക്ഷിക്കാം. സ്വന്തം നാട്ടിലോ അല്ലെങ്കിൽ നിലവിൽ പഠനം നടത്തുന്ന മണ്ഡലങ്ങളിലോ ഇവർക്ക് വോട്ട് ചെയ്യാവുന്നതാണ്. അതിനായി ഫോം എ6 പൂരിപ്പിക്കേണ്ടതാണ്. മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഇതിനാവശ്യമാണ്.