ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പോലീസിനും സർക്കാരിനുമെതിരെ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി നടൻ സിദ്ദിഖ്. പോലീസ് ശരിയായ അന്വേഷണം നടത്തിയില്ലെന്നും പരാതിക്കാരി പോലും ഉന്നയിക്കാത്ത കാര്യങ്ങൾ പോലീസ് പറയുകയാണെന്നുമാണ് നടന്റെ കുറ്റപ്പെടുത്തൽ.
തനിക്കെതിരായ ബലാത്സംഗക്കേസിൽ യാഥാർത്ഥ്യങ്ങൾ വളച്ചൊടിക്കുകയാണ്. ഇല്ലാക്കഥകളാണ് അന്വേഷണ ഉദ്യോഗസ്ഥർ മെനയുന്നത്. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. തനിക്ക് ജാമ്യം നല്കിയാൽ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സർക്കാർ വാദം ശരിയല്ല. കേസ് രജിസ്റ്റർ ചെയ്യാൻ എട്ടര വർഷം കാലതാമസമുണ്ടായതിൽ പോലീസിന്റെ വാദം നിലനില്‍ക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഡബ്ല്യു.സി.സി അംഗം എന്ന നിലയിൽ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പോലീസ് അവസരം ഒരുക്കുകയാണ്. നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് പോലീസ് നടത്തുന്നതെന്നും സിദ്ദിഖ് ആരോപിച്ചു. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് കേസ് നാളെ പരിഗണിക്കും.