ന്യൂദൽഹി- വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് രാജിവച്ച് റായ്ബറേലി മണ്ഡലത്തിൽ തുടരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരും. യു.പി അടക്കം ഉത്തരേന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റായ്ബറേലിയിൽ തുടരാൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. രണ്ടോ മൂന്നോ ദിവസത്തിനകം വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധി വോട്ടർമാരെ കണ്ട് നന്ദി അറിയിക്കും. ഇതിന് ശേഷമായിരിക്കും പ്രഖ്യാപനം.
കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റിയോഗം ദൽഹയിൽ നടക്കുന്നുണ്ട്. രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഇന്നുണ്ടായേക്കും. സ്ഥാനം ഏറ്റെടുക്കാനുള്ള വിമുഖത രാഹുൽ അറിയിച്ചിട്ടുണ്ട്.
വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് കെ. മുരളീധരനെ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മുരളീധരൻ. തൃശൂർ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ച മുരളീധരൻ പരാജയപ്പെട്ടിരുന്നു. വയനാട് സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടേക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും മത്സരിക്കുന്നില്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യാ സഖ്യം ശക്തമായി നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായതില്‍ സഖ്യകക്ഷികള്‍ പ്രധാന പങ്കുവഹിച്ചെന്നും ഖാര്‍ഗെ പറഞ്ഞു. സഖ്യകക്ഷികളുടെ ഈ പിന്തുണ ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ലമെന്റിനകത്തും പുറത്തും സഖ്യത്തിന്റെ കൂട്ടായ പ്രവര്‍ത്തനം തുടരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് ഇന്ത്യാ സഖ്യം ഉന്നയിച്ചതെല്ലാം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. തുടര്‍ന്നും ജനങ്ങള്‍ക്ക് വേണ്ടി സഖ്യം പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും ഖാര്‍ഗെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറാന്‍ സാധിച്ചെങ്കിലും ചില സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും ഖാര്‍ഗെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.