ന്യൂഡൽഹി– യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കുമെന്ന് വിവരം. ഇതുമായി ബന്ധപ്പെട്ട് രാഹുലിന് ഹൈക്കമാൻഡ് നിർദേശം നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നു വന്നതിന് പിന്നാലെയാണ് നടപടി.
രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവിയിൽ നിന്നും നീക്കം ചെയ്യുന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഫോണിൽ ചർച്ച ചെയ്തിരുന്നു. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാണ് തീരുമാനം.
പാർട്ടിയിലെ വനിതാ നേതാക്കളും രാഹുലിനെതിരെ പരാതി നൽകിയതിനുപിന്നാലെയാണ് ഇത് അന്വേഷിക്കാൻ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ആവശ്യപ്പെട്ടത്. തുടർന്നാണ് രാഹുലിനെതിരെ പാർട്ടിയിൽ ചർച്ചകൾ ഉയർന്നത്. അതേസമയം, രാഹുൽ എംഎൽഎ ആയി തുടരുമെന്നാണ് വിവരം.