ന്യൂഡൽഹി– ഒബിസി വിഭാഗത്തിന്റെ രക്ഷകനായിട്ടാണ് രാഹുൽ ഗാന്ധിയെ കാണുന്നതെന്ന് പ്രശസ്ത സാമൂഹ്യചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഏലയ്യ. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ കോൺഗ്രസ് ഒബിസി വിഭാഗം സംഘടിപ്പിച്ച ‘പ്രാതിനിധ്യ നീതി മഹാസമ്മേളനത്തിൽ’ സംസാരിക്കവെയാണ് കാഞ്ച ഏലയ്യ അഭിപ്രായ പ്രകടനം നടത്തിയത്.ഇന്ത്യയിലെ ഒബിസിക്കാരുടെ ഏക വിമോചകൻ രാഹുൽ ഗാന്ധിയാണെന്നും അമേരിക്കയിലെ കറുത്ത വർഗക്കാരുടെ വിമോചകനായ മാർട്ടിൻ ലൂഥർ കിങ്ങിനെപ്പോലാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ’ജയ് ബാപ്പു, ജയ് ഭീം, ജയ് ഭരണഘടന’ മുദ്രാവാക്യം, നെഹ്രു കുടുംബത്തിൽ പിറന്ന ഒരാൾ നൽകുമെന്ന് ബിജെപിയും ആർഎസ്എസ്സും ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
രാജീവ് ഗാന്ധിയും ജവഹർലാൽ നെഹ്റുവും ഉൾപ്പെടുന്ന കുടുംബം ഒബിസികളുടെ വിമോചനത്തിനായി മുന്നിൽ നിന്നതാണെന്നും, ഒബിസി വിഭാഗത്തിന്റെ മോചനത്തിലൂടെ ബിജെപിയുടെ രാഷ്ട്രീയഭാവിയെ തന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.ഒബിസിയെ മോചിപ്പിച്ചാൽ ബിജെപി പിന്നെ ഒരിക്കലും ഭരണത്തിൽ വരില്ല. ഒബിസിയുടെയും ദളിതരുടെയും ആദിവാസികളുടെയും ശക്തി അതാണ്. രാഹുൽ ഗാന്ധിക്കെതിരായ കേസുകളിൽ രാജ്യത്തുടനീളം ഒബിസി അഭിഭാഷകർ അദ്ദേഹത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
ഭാരത് ജോഡോ യാത്ര, ന്യായ് യാത്ര, ജാതിസെൻസസ് തുടങ്ങിയ പ്രവർത്തനങ്ങൾ രാഹുലിന്റെ സമൂഹ നീതി ആധാരമുള്ള രാഷ്ട്രീയ ദൗത്യത്തിന്റെ ഭാഗമാണെന്നും കാഞ്ച പറഞ്ഞു. തെലങ്കാനയിലെ ജാതിസെൻസസ് സമിതിയിലേയും അവിടെ ഉള്ള ഒബിസികൾക്ക് വേണ്ടി 46% സംവരണത്തിന് കോൺഗ്രസ് സർക്കാർ ആവശ്യപ്പെട്ടതിനേയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
“ഇത് അംബേദ്‌കറും മഹാത്മാഗാന്ധിയും കൊണ്ടുവന്ന വിപ്ലവത്തിന്റെ പുനരാവിഷ്‌കരണമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്നും കാഞ്ച പറഞ്ഞു. രാഹുൽ ഗാന്ധിക്ക് എല്ലാ ജാതികളുടെയും പ്രതിനിധിത്വം ഉള്ളതായി കാഞ്ച ഏലയ്യ അഭിപ്രായപ്പെട്ടു. “ഗാന്ധി ബനിയ ജാതിയിൽ നിന്ന്, അംബേദ്‌കർ ദളിത്, പട്ടേൽ ഒബിസി, നെഹ്റു ബ്രാഹ്മണൻ – ഈ എല്ലാ ജാതികളും രാഹുലിൽ ഒന്നിക്കുന്നു,” എന്നാണ് കാഞ്ചയുടെ ആഖ്യാനം.
ഞാൻ കോൺഗ്രസ്സുകാരനല്ല, പക്ഷേ, ഞാൻ ജീവിക്കുന്നിടത്തോളം അദ്ദേഹത്തിന് വേണ്ടി എഴുതുകയും, രാജ്യത്തിൻ്റെ വിമോചനത്തിനായി നിലകൊള്ളുകയും ചെയ്യുമെന്ന് കാഞ്ച ഏലയ്യ വ്യക്തമാക്കി.