ന്യൂദൽഹി- മുസ്ലിം ലീഗിന്റെ പുതിയ ദേശീയ ആസ്ഥാനമായ ഖാഇദേമില്ലത്ത് സെന്ററിൽ കോൺഗ്രസ് നേതാവും എം.പിയുമായ പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് യു.ഡി.എഫ് നേതാക്കൾക്കൊപ്പം പ്രിയങ്ക ഗാന്ധി ഖാഇദേമില്ലത്ത് സെന്ററിൽ എത്തിയത്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ, എം.കെ രാഘവൻ തുടങ്ങിയ നിരവധി നേതാക്കൾ പ്രിയങ്കയുടെ കൂടെയുണ്ടായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാർട്ടി ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി തുടങ്ങിയവർ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു.


കഴിഞ്ഞ മാസമാണ് ദൽഹിയിൽ ഖാഇദേമില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ പ്രിയങ്ക ഗാന്ധിക്ക് പങ്കെടുക്കാനായിരുന്നില്ല. കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് അന്ന് പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.