- കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല, ദേശീയ തലത്തിൽ പ്രവർത്തിക്കാനാണെന്നും വിഷയത്തിൽ മുഖ്യമന്ത്രിക്ക് പ്രത്യേക താൽപര്യമില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.
കൊച്ചി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ വിലക്കിയെന്ന വാർത്തയിൽ പരോക്ഷ സ്ഥിരീകരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിഷയം മാധ്യമങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇങ്ങനെയായിരുന്നു പാർട്ടി സെക്രട്ടറിയുടെ പ്രതികരണം:
അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. തുടർന്ന് മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തി പ്രായത്തിൽ ഇളവ് നൽകിയത് ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഘടനാ രീതിപ്രകാരം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കീഴ് കമ്മിറ്റികളിൽ പങ്കെടുക്കുന്നതാണ് പാർട്ടിയിലെ രീതി. ഇതനുസരിച്ചാണ് ഇക്കഴിഞ്ഞ 19ന് തിരുവനന്തപുരം എ.കെ.ജി സെന്റിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പി.കെ ശ്രീമതി എത്തിയത്. എന്നാൽ യോഗം തുടങ്ങിയപ്പോൾ പ്രായപരിധി ഇളവ് നൽകിയത് കേന്ദ്ര കമ്മിറ്റിക്ക് മാത്രമാണെന്നും സംസ്ഥാനത്ത് ഇളവ് ബാധകമല്ലാത്തതിനാൽ, സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാകില്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയായിരുന്നു.
തുടർന്ന് അവർ മുൻ രീതികളും പാർട്ടി ദേശീയ, സംസ്ഥാന സെക്രട്ടറിമാരുമായും സംസാരിച്ചതും വലിക്കുണ്ടായില്ലെന്നും യോഗത്തിൽ അറിയിച്ചു. എന്നാൽ, മുഖ്യമന്ത്രി വീണ്ടും നിലപാട് ആവർത്തിക്കുകയും മറ്റ് നേതാക്കൾ മൗനം പാലിക്കുകയും ചെയ്തതോടെ അവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ അവർ പങ്കെടുത്തില്ലെങ്കിലും കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ഇതിൽ ആരും പി.കെ ശ്രീമതി ടീച്ചറെ വിലക്കിയിരുന്നില്ല.