ഒഡീഷ- ആചാരം ലംഘിച്ച് വിവാഹം ചെയ്തുവെന്ന് ആരോപിച്ച് ഒഡീഷയിൽ യുവ ദമ്പതികളെ ജനക്കൂട്ടം ശിക്ഷിച്ചു. ഇരുവരെയും കാളകളെ പോലെ നുകത്തിൽ കെട്ടിയിട്ട് വയൽ ഉഴുതുമറിക്കാൻ ഉപയോഗിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തില്‍ നിന്നുള്ള യുവാവും യുവതിയും ആണ് ശിക്ഷക്ക് ഇരയായത്. ഇരുവരും അടുത്തിടെ പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്തവരാണ്. യുവതിയുടെ പിതാവിന്റെ സഹോദരിയുടെ മകനാണ് വരൻ.
പ്രാദേശിക ആചാരം അനുസരിച്ച് ഇത്തരം വിവാഹം നിഷിദ്ധമായാണ് കണക്കാക്കുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് ജനക്കൂട്ടം ശിക്ഷവിധിച്ച് നടപ്പാക്കിയത്. ജനക്കൂട്ടം ഇരുവരെയും മരം കൊണ്ടുള്ള നുകത്തിൽ കെട്ടിയിട്ട് വയലിലൂടെ വലിച്ചഴച്ചു കൊണ്ടുപോയി.
രണ്ട് പുരുഷന്മാര്‍ ദമ്പതികളെ വടികൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. പരസ്യമായ ഈ അപമാനത്തിന് ശേഷം, ദമ്പതികളെ ഗ്രാമത്തിലെ ആരാധനാലയത്തിലേക്ക് കൊണ്ടുപോയി അവരുടെ പാപം ‘ശുദ്ധീകരിക്കാൻ’ ശുദ്ധീകരണ ചടങ്ങുകൾ നടത്താൻ നിർബന്ധിക്കുകയും ചെയ്തു. വീഡിയോ ശ്രദ്ധയിൽ പെട്ട പോലീസ് സംഘം ഗ്രാമത്തിലെത്തി പ്രാഥമിക പരിശോധന നടത്തി. ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് എസ് സ്വാതി കുമാർ പറഞ്ഞു.