ന്യൂഡല്‍ഹി– നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്കുള്ള യാത്രാനുമതിക്കായി ആക്ഷന്‍ കൗണ്‍സിലിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് സൂപ്രീം കോടതി. മോചനം സാധ്യമാകണമെങ്കില്‍ കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന് ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് ചൂണ്ടിക്കാട്ടി. തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നതിന് ഒരു മധ്യസ്ഥ സംഘത്തിന് യമനില്‍ പോകാനുള്ള അനുമതിക്കായി കേന്ദ്രത്തോട് നിര്‍ദേശിക്കാന്‍ വെള്ളിയാഴ്ച വാദം കേള്‍ക്കുന്നതിനിടെ കോടതിയോട് അഡ്വ. രാകേന്ദ് ബസന്ത് അഭ്യര്‍ഥിച്ചു.
മധ്യസ്ഥ സംഘത്തില്‍ രണ്ടു പേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടു പേര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ സംഘത്തില്‍ പെട്ടവരുമായിരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രണ്ട് പ്രിതിനിധികളെ കൂടി ഉള്‍പെടുത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ തലാലിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ നടത്താന്‍ കുടുംബത്തിന് മാത്രമാണ് അവകാശമെന്ന് കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. നിമിഷ പ്രിയയുടെ അമ്മ യമനില്‍ ഉണ്ടെന്നും വീട്ടു ജോലിക്കാരിയാണെന്നും അവരെ സഹായിക്കാനായി ഒരു പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടെന്നും അറ്റോണി ജനറല്‍ വ്യക്തമാക്കി. വധശിക്ഷ നീട്ടി വെപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാറിനോട് നന്ദിയും കാന്തപുരത്തിന്റെ പങ്കും ആക്ഷന്‍ കൗണ്‍സിലിനെ പ്രതിനിധീകരിക്കുന്ന സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് അറിയിച്ചു. എന്നാല്‍ കാന്തപുരത്തെ കുറിച്ച് ഒരിക്കല്‍ പോലും പരാമര്‍ശിക്കാതെ അറ്റോര്‍ണി ജനറല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അറിയിച്ചു. കേസ് ഓഗസ്റ്റ് 14നു വീണ്ടും പരിഗണിക്കും.