ന്യൂഡല്‍ഹി– യമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കും. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹരജി സമര്‍പ്പിച്ചത്. ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് പുറത്തുവന്നിരുന്നു. വധ ശിക്ഷ തടയാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എംപിയും സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസും പ്രധാനമന്ത്രിക്ക് കത്തയക്കുകയു ചെയ്തിരുന്നു.
ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സമര്‍പ്പിച്ച ഹരജിയുടെ വാദത്തില്‍ മുതിര്‍ന്ന അഭിഭാഷകരായ അഡ്വ. രാഘേഷ് ബസന്ത്, അഡ്വ. സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ പ്രതിനിധീകരിക്കുന്ന ആക്ഷന്‍ കൗണ്‍സിലിനോട് വധശിക്ഷ റദ്ദാക്കാനുള്ള ഡിപ്ലോമാറ്റിക് ഇടപെടലിനായി ഹരജിയുടെ കോപ്പി ജനറല്‍ അറ്റോണിക്ക് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സുധാന്‍ഷു ദൂലിയ ജോയ്മാല്യ ബാഗാച്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ പോയെങ്കിലും രാജ്യത്തെ ആഭ്യന്തര യുദ്ധവും യാത്രാവിലക്കുകള്‍ എന്നിവ കാരണം ദയാധനം സംബന്ധിച്ച് കുടുംബത്തോട് കൂടുതല്‍ ചർച്ച ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു തവണ ഇവര്‍ മകളെ സന്ദര്‍ശിച്ചിരുന്നു.
2008ലാണ് നിമിഷ പ്രിയ യമനിലേക്ക് ജോലി തേടി പോയത്. 2012ല്‍ ഇവര്‍ വിവാഹിതരാവുകയും കുറച്ചുകാലത്തിന് ശേഷം ഭര്‍ത്താവും മകളും യെമനില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധി കാരണം തിരിച്ചുപോരേണ്ടി വന്നു. അത് വരെ സ്വകാര്യ ക്ലിനിക്കുകള്‍ ജോലി ചെയ്ത നിമിഷ പ്രിയ 2015ലാണ് യമന്‍ പൗരനായ തലാല്‍ അബു മെഹ്ദിയുമയി ചേര്‍ന്ന് സ്വന്തമായി ക്ലിനിക്ക് ആരംഭിക്കുന്നത്. ക്ലിനിക്ക് ആരംഭിച്ചതിനു ശേഷം നിമിഷയെ പ്രിയയെ ഭാര്യയാണെന്ന് കാണിച്ച് ഇയാള്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പാസ്‌പോര്‍ട്ട് തട്ടിയെടുത്തു. പിന്നീട് മതാചാര പ്രകാരം ഭീഷണിപ്പെടുത്തി വിവാഹവും കഴിച്ചു. ക്ലിനിക്കിലെ വരുമാനം മുഴുവന്‍ മെഹ്ദി സ്വന്തമാക്കിയന്നുമാണ് റിപ്പോര്‍ട്ട്. തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് അപായപ്പെടുത്താന്‍ ശ്രമിച്ചതെന്ന് നിമിഷ പ്രിയ പറഞ്ഞു. സെഡേഷന് കുത്തിവെച്ച ഡോസ് കൂടിപ്പോയതാണ് തലാല്‍ മെഹ്ദിയുടെ മരണ കാരണം. മൃതദേഹം കഷണങ്ങളാക്കി ഒളിവില്‍ പോയ നിമിഷ പ്രിയയെ 2017ലാണ് അറസ്റ്റ് ചെയ്യുന്നത്.