ന്യൂദൽഹി- യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നൽകിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രംനാഥിന്റെ മുമ്പാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചർച്ചകൾ നടത്തുന്നതിനുമായി ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയോട് അഭ്യർത്ഥിക്കും . രണ്ടുപേർ ആക്ഷൻ കൗൺസിൽ പ്രതിനിധികളും രണ്ടുപേർ നിലവിൽ ചർച്ചകൾ നടത്തുന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികളും രണ്ടു പേർ കേന്ദ്രസർക്കാർ നിർദർശിക്കുന്ന ഉദ്യോഗസ്ഥരും ആകണമെന്നാണ് നിർദേശം.
കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൽ ഹക്കീം അസ്ഹരിയുടെ മകൻ ഹാമിദ്, അഡ്വ. ഡോ ഹുസൈൻ സഖാഫി എന്നിവരാണ് മർക്കസ് പ്രതിനിധികളായി സംഘത്തിൽ ഉണ്ടാകണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.
ആക്ഷൻ കൗൺസിൽ പ്രതിനിധികളായി അഡ്വ സുഭാഷ് ചന്ദ്രൻ കെ ആർ (സുപ്രീം കോടതി അഭിഭാഷകൻ, കൗൺസിൽ നിയമോപദേഷ്ടാവ് ), കുഞ്ഞമ്മദ് കൂരാച്ചുണ്ട് (കൗൺസിൽ ട്രഷറർ ) കേന്ദ്ര സർക്കാരിന്റെ രണ്ടു പ്രതിനിധികൾ എന്നിവരെയാണ് സംഘത്തിൽ ഉൾപ്പെടുത്താൻ നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹരജിയിലുള്ളത്.