ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രവും അതിന്റെ സ്വത്തും കോൺഗ്രസ് നേതാക്കൾ ധനസമ്പാദനത്തിനായി ദുരുപയോഗിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു.
യുപിഎ ചെയർപേഴ്‌സൺ സോണിയാ ഗാന്ധിയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കും 142 കോടിയുടെ കള്ളപ്പണം ലഭിച്ചെന്നും ഇരുവർക്കുമെതിരെ കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഇവർക്കെതിരായ കേസ് നിലനിൽക്കുമെന്നും ഇ ഡി ഡൽഹി റൗസ് അവന്യൂ കോടതിയെ അറിയിച്ചു.
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയാ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കുമെതിരെ ഇ ഡി ഏപ്രിൽ 15ന് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർ നടപടികളാണ് ഇന്ന് കോടതിയിലുണ്ടായത്.
കേസുമായി ബന്ധപ്പെട്ട് സോണിയയും രാഹുലും ഉടമസ്ഥരായുള്ള യങ് ഇന്ത്യയുടെ 661 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തിരുന്നു. സ്വാതന്ത്ര്യസമര സേനാനികൾ 1938-ൽ രൂപീകരിച്ച നാഷണൽ ഹെറാൾഡ് പത്രവും അതിന്റെ സ്വത്തും നിലവിലെ കോൺഗ്രസ് നേതാക്കൾ ധനസമ്പാദനത്തിനായി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്.

ഡൽഹി ഐ.ടി.ഓയിലും മുംബൈ ബാന്ദ്രയിലും ലഖ്‌നൗ ബിശ്വേശർനാഥ് റോഡിലും കോടികൾ വിലമതിക്കുന്ന പടുകൂറ്റൻ കെട്ടിടം നാഷണൽ ഹെറാൾഡിനുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടിനെ തുടർന്ന് 2008-ൽ പത്രം അടച്ചുപൂട്ടുകയായിരുന്നു. കമ്പനിക്ക് 9 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. അയ്യായിരത്തോളം സ്വാതന്ത്ര്യസമര സേനാനികൾ ഓഹരി ഉടമകളായുള്ള അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡ് നടത്തിപ്പുകാരായ നാഷണൽ ഹെറാൾഡ് പത്രം സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് മുഖപത്രമായി മാറുകയായിരുന്നു. 2010-ൽ സോണിയയും രാഹുലും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ചേർന്ന് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ യംഗ് ഇന്ത്യൻ കമ്പനി തുടങ്ങുക വഴി 50 ലക്ഷം രൂപയ്ക്ക് വഞ്ചനാപരമായി തട്ടിയെടുത്തുവെന്നാണ് പരാതിയിലുള്ളത്.
ഇതോടെ രണ്ടായിരം കോടി വിലമതിക്കുന്ന നാഷണൽ ഹെറാൾഡിന്റെ ആസ്തി സോണിയയുടെയും രാഹുലിന്റെയും സ്വന്തമായി മാറി. അസോസിയേറ്റ് ജേർണൽസിന്റെ ഓഹരി ഉടമാകളായിരുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തുവന്നതോടെയാണ് ഇത് വിവാദമായത്. ഇ.ഡി അന്വേഷണം തടയാൻ ശ്രമിച്ചെങ്കിലും സുപ്രീംകോടതി ഇടപെട്ടു.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എ.ജെ.എൽ യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2023 നവംബറിൽ, ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എ.ജെ.എൽ ഓഹരികളും ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഏപ്രിൽ 10ന് ഈ കണ്ടുകെട്ടൽ സ്ഥിരീകരിച്ചു. 2014-ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയിൽ നിന്നാണ് 2021-ൽ ഇ.ഡി.യുടെ അന്വേഷണം ആരംഭിച്ചത്.